116 പന്തില്‍ സെഞ്ചുറിയിലെത്തിയ റൂട്ട് ടെസ്റ്റില്‍ 27ാമത്തെയും തുടര്‍ച്ചയായ രണ്ടാമത്തെയും സെഞ്ചുറിയാണ് നോട്ടിങ്ഹാമില്‍ കുറിച്ചത്.ഇതോടെ ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനുമൊപ്പമെത്താനും റൂട്ടിനായി.

നോട്ടിങ്ഹാം: നോട്ടിങ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് തിരിച്ചടിയുമായി ഇംഗ്ലണ്ട്(England vs New Zealand). ജോ റൂട്ടിന്‍റെയും(Joe Root) ഓലി പോപ്പിന്‍റെയും( Ollie Pope) സെഞ്ചുറികളുടെ കരുത്തില്‍ ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 553 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെടുത്തു. 163 റണ്‍സോടെ റൂട്ടും 24 റണ്‍സുമായി ബെന്‍ ഫോക്സും ക്രീസില്‍. പോപ്പ് 145 റണ്‍സെടുത്ത് പുറത്തായി. കിവീസിനായി ട്രെന്‍റ് ബോള്‍ട്ട് മൂന്ന് വിക്കറ്റെടുത്തു.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് അര്‍ധസെഞ്ചുറി നേടിയ അലക്സ് ലീയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 67 റണ്‍സടിച്ച ലീസിനെ മാറ്റ് ഹെന്‍റി പുറത്താക്കി. രണ്ടാം വിക്കറ്റില്‍ പോപ്പുമൊത്ത് 144 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് ലീസ് മടങ്ങിയത്.

ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനത്തേക്ക് വഴിവെട്ടി റൂട്ട്, വില്യംസണും സ്മിത്തിനും നഷ്ടം

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന റൂട്ട് പോപ്പിനൊപ്പം ഏകദിനശൈലിയില്‍ ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് കുതിച്ചു. 160 പന്തില്‍ രണ്ടാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയ പോപ്പ് റൂട്ടിനൊപ്പം ഇംഗ്ലണ്ടിനെ നയിച്ചു. മറുവശത്ത് ഏകദിന ശൈലിയില്‍ ബാറ്റുവീശിയ റൂട്ട് 55 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. 116 പന്തില്‍ സെഞ്ചുറിയിലെത്തിയ റൂട്ട് ടെസ്റ്റില്‍ 27ാമത്തെയും തുടര്‍ച്ചയായ രണ്ടാമത്തെയും സെഞ്ചുറിയാണ് നോട്ടിങ്ഹാമില്‍ കുറിച്ചത്.

Scroll to load tweet…

ഇതോടെ ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനുമൊപ്പമെത്താനും റൂട്ടിനായി. കഴിഞ്ഞ ടെസ്റ്റിലാണ് റൂട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് പിന്നിട്ടത്.

145 റണ്‍സെടുത്ത പോപ്പിനെ മാറ്റ് ഹെന്‍റി മടക്കി.പിന്നീടെത്തി ജോണി ബെയര്‍സ്റ്റോ(8) നിരാശപ്പെടുത്തിയെങ്കിലും ബെന്‍ സ്റ്റോക്സിനെയും(33 പന്തില്‍ 46) ബെന്‍ ഫോക്സിനെയും കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ടിനെ മികച്ച നിലയില്‍ എത്തിച്ചു. മൂന്നാം ദിനം നാലു വിക്കറ്റ് നഷ്ടപ്പെട്ടുത്തി 387 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്.