236-4 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിനെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മാറ്റി പോട്ടും സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സണും ചേര്‍ന്നാണ് എറിഞ്ഞിട്ടത്.
ലണ്ടന്‍: ഇംഗ്ലണ്ടും ന്യൂസിലന്‍ഡും(England vs New Zealand) തമ്മിലുള്ള ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ നാടകീയതകള്‍ അവസാനിക്കുന്നില്ല. ആദ്യ ദിവസത്ത വിക്കറ്റ് പെയ്ത്തിനും രണ്ടാം ദിനത്തില്‍ ന്യൂസിലന്‍ഡിന്‍റെ ആസാധാരണ തിരിച്ചടിക്കും പിന്നാലെ വീണ്ടും നാടകീയ തിരിച്ചുവരവുമായി ഇംഗ്ലണ്ട്. മൂന്നാം ദിനം ടോം ബ്ലണ്ടലിന്‍റെയും ഡാരില്‍ മിച്ചലിന്‍റെയും 196 റണ്‍സ് കൂട്ടുകെട്ട് പൊളിച്ച ഇംഗ്ലണ്ട് അവരെ 285ന് പുറത്താക്കി വിജയപ്രതീക്ഷ കാത്തു.
236-4 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിനെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മാറ്റി പോട്ടും സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സണും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. മൂന്നാം ദിനം 277 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്തിട്ടുണ്ട്. അലക്സ് ലീസും സാക്ക് ക്രോളിയുമാണ് ക്രീസില്‍.
തകര്‍ത്തെറിഞ്ഞ് ബ്രോഡും പോട്ടും
രണ്ടാം ദിനം 56-4ല്‍ നിന്ന് കിവീസിനെ 236-4ലേക്ക് എത്തിച്ച ചാരില്‍ മിച്ചലും ബ്ലണ്ടലും ചേര്‍ന്ന് മൂന്നാം ദിനം തുടക്കത്തില്‍ നല്ല തുടക്കമിട്ടു. ഇരുവരും ചേര്‍ന്ന് ന്യൂസിലന്‍ഡിനെ 250 കടത്തിയതിന് പിന്നാലെ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഡാരില്‍ മിച്ചലിനെ(108) ബ്രോഡ് മടക്കി കിവീസിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടു. അതേ സ്കോറില്‍ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമെ(0) റണ്ണൗട്ടായി. സെഞ്ചുറിക്ക് നാലു റണ്‍സകലെ ബ്ലണ്ടലിനെ(96) ആന്‍ഡേഴ്സണ്‍ വീഴ്ത്തി.
കെയ്ല്‍ ജയ്മിസണെ നേരിട്ട ആദ്യ പന്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ന്യൂസിലന്‍ഡ് 251-7ലേക്ക് കൂപ്പുകുത്തി. വാലറ്റത്ത് ടിം സൗത്തി(21) ചെറുത്തുനിന്നെങ്കിലും ബോള്‍ട്ടും അജാസ് പട്ടേലും പെട്ടെന്ന് മടങ്ങിയതോടെ ന്യൂസിലന്‍ഡ് 285ന് ഓള്‍ ഔട്ടായി. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡും മാറ്റി പോട്ടും മൂന്ന് വീതവും ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ട് വിക്കറ്റുമെടുത്തു.
