ബർമിം​ഗ്ഹാം: ന്യൂസിലൻഡിനെതിരായ ബർമിം​ഗ്ഹാം ക്രിക്കറ്റ് ടെസ്റ്റിൽ ഇം​ഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 303 റൺസിന് ഓൾ ഔട്ടായി. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തിരുന്ന ഇം​ഗ്ലണ്ട് രണ്ടാം ദിനം 45 റൺസ് കൂടി കൂട്ടിച്ചേർത്ത് പുറത്തായി. 81 റൺസെടുത്ത ഡാനിയേൽ ലോറൻസ് പുറത്താകാതെ നിന്നു. ന്യൂസിൻഡിനായി ട്രെന്റ് ബോൾട്ട് നാലും മാറ്റ് ഹെന്റി മൂന്നും വിക്കറ്റെടുത്തപ്പോൾ അജാസ് പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യ ദിനം 16 റൺസുമായി ഡാനിയേൽ ലോറൻസിന് മികച്ച പിന്തുണ നൽകിയ മാർക്ക് വുഡ് 41 റൺസെടുത്ത് പുറത്തായി. എട്ടാം വിക്കറ്റിൽ 66 റൺസാണ് ലോറൻസ്-വുഡ് സഖ്യം കൂട്ടിച്ചേർത്തത്. മാർക്ക് വുഡിനെ വീഴ്ത്തി മാറ്റ് ഹെന്റിയാണ് കിവീസിന് രണ്ടാം ദിനം ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ ബ്രോഡിനെയും ആൻഡേഴ്സണെയും മടക്കി ബോൾട്ട് ഇം​ഗ്ലണ്ട് ഇന്നിം​ഗ്സ് അവസാനിപ്പിച്ചു. ആദ്യദിനം 81 റൺസെടുത്ത ഓപ്പണർ റോറി ബേൺസും ഇം​ഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയിരുന്നു.

ആദ്യ ദിനം ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ഇം​ഗ്ലണ്ടിനായി ഓപ്പണിം​ഗ് വിക്കറ്റിൽ 72 റൺസെടുത്ത് ഡൊമനിക് സിബ്ലിയും റോറി ബേൺസും മികച്ച തുടക്കമിട്ടെങ്കിലും മധ്യനിരക്ക് അത് മുതലാക്കാനായില്ല.സിബ്ലിയെ(35) മടക്കി മാറ്റ് ഹെന്റിയാണ് ഇം​ഗ്ലണ്ടിന്റെ തകർച്ച തുടങ്ങിവെച്ചത്. ഒരു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ സാക്ക് ക്രോളിയെ(0) വീഴ്ത്തി വാ​ഗ്നർ ഇം​ഗ്ലണ്ടിന് ഇരട്ടപ്രഹരമേൽപ്പിച്ചു.

ക്യാപ്റ്റൻ ജോ റൂട്ടിനും ക്രീസിൽ അധികം ആയുസുണ്ടായില്ല. നാലു റൺസെടുത്ത റൂട്ടിനെയും മാറ്റ് ഹെന്റിയാണ് വീഴ്ത്തിയത്. ഓലി പോപ്പ്(19) പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അജാസ് പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.ജെയിംസ് ബ്രേസിയെയും(0) റോറി ബോൺസിനെയും ബോൾട്ട് വീഴ്ത്തിയതോടെ ഇം​ഗ്ലണ്ട് കൂട്ടത്തകർച്ചയിലായി.

ഓലീ സ്റ്റോണിനെയും(20) മാർക്ക് വുഡിനെയും(41) കൂട്ടുപിടിച്ച് ലോറൻസ് നടത്തിയ ചെറുത്തുനിൽപ്പാണ് ഇം​ഗ്ലണ്ടിനെ 250 കടത്തിയത്. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.