മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസിനുശേഷം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പരസ്പരം ഹസ്തദാനം ചെയ്ത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും പാക് നായകന്‍ അസ്‌ഹര്‍ അലിയും. പാക് നായകന്‍ ടോസ് ജയിച്ചതിന് തൊട്ടുപിന്നാലെയാണ് ജോ റൂട്ടും അസ്ഹര്‍ അലിയും ഹസ്തദാനം ചെയ്തത്. എന്നാല്‍ പെട്ടെന്ന് തെറ്റ് തിരിച്ചറിഞ്ഞ ഇരുവരും ചിരിച്ചുകൊണ്ട് കൈവിടുകയും ചെയ്തു.


ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ്  തെരഞ്ഞെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാനം കളിച്ച ടെസ്റ്റിലെ ടീമില്‍ ഇംഗ്ലണ്ട് മാറ്റമൊന്നും വരുത്തിയിട്ടില്ല. അതേസമയം, മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്ന ശക്തമായ ബൗളിംഗ് നിരയുമായാണ് പാക്കിസ്ഥാന്‍ ഇറങ്ങിയത്.

കഴിഞ്ഞ മാസം ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കിടെ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ടോസിനുശേഷം ഹസ്തദാനത്തിന് തൊട്ടടുത്ത് എത്തിയിരുന്നു. എന്നാല്‍ ജോ റൂട്ട് പെട്ടെന്ന് പിന്‍മാറിയതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായില്ല.


കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ്  എതിരാളികളെ ഹസ്തദാനം ചെയ്യുക, പന്തിന്റെ തിളക്കം കൂട്ടാനായി തുപ്പല്‍ തേക്കുക  തുടങ്ങിയ കാര്യങ്ങള്‍ ഐസിസി വിലക്കിയത്.