ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു. ഇംഗ്ലീഷ് ബൗളര്‍ ഡേവിഡ് വില്ലിയാണ് പരമ്പരയുടെ താരം.

ബ്രിസ്‌റ്റോല്‍: ഇംഗ്ലണ്ട്- ശ്രീലങ്ക മൂന്നാം ഏകദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ശ്രീലങ്കയുടെ ബാറ്റിംഗ് കഴിഞ്ഞയുടനെയാണ് മഴയെത്തിയത്. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു. ഇംഗ്ലീഷ് ബൗളര്‍ ഡേവിഡ് വില്ലിയാണ് പരമ്പരയുടെ താരം. ഇതിന് മുമ്പ് നടന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക 41.1 ഓവറില്‍ 166ന് എല്ലാവരും പുറത്തായിരുന്നു. നാല് വിക്കറ്റ് നേടിയ ടോം കറനാണ് ലങ്കയെ തകര്‍ത്തത്. പുറത്താവാതെ 48 റണ്‍സ് നേടിയ ദസുന്‍ ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. അവിഷ്‌ക ഫെര്‍ണാണ്ടോ (14), കുശാല്‍ പെരേര (4), പതും നിസങ്ക (6), ധനഞ്ജയ ഡി സില്‍വ (4), ഒഷാഡ ഫെര്‍ണാണ്ടോ (18), വാനിഡു ഹസരങ്ക (20), ചാമിക കരുണാരത്‌നെ (11), ബിനുര ഫെര്‍ണാണ്‍ഡോ (7), ദുഷ്മന്ത ചമീര (16), അശിത ഫെര്‍ണാണ്ടോ (0) എന്നിവരാണ് പുറത്തായ താരങ്ങള്‍.

കറന് പുറമെ ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദില്‍ റഷീദിന് ഒരു വിക്കറ്റുണ്ട്. പാകിസ്ഥാനെതിരെ ഏകദിന-ടി20 പരമ്പരയാണ് ഇനി ഇംഗ്ലണ്ടിന് മുന്നിലുള്ളത്. ശ്രീലങ്ക ഇന്ത്യയെ നേരിടും.