മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഇംഗ്ലണ്ട് മികച്ച നിലയില്‍. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ഓപ്പണര്‍ ഡൊമനിക് സിബ്ലിയും ബെന്‍ സ്റ്റോക്സും ചേര്‍ന്നാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് ഇരുവരും ഇംഗ്ലണ്ടിനെ ആദ്യ ദിനം സുരക്ഷിത സ്കോറിലേക്ക് നയിച്ചത്. ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലാണ്. 82 റണ്‍സോടെ സിബ്ലിയും 59 റണ്‍സോടെ ബെന്‍ സ്റ്റോക്സും ക്രീസില്‍.

മഴമൂലം വൈകി തുടങ്ങിയ മത്സരത്തില്‍ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഓപ്പണര്‍ റോറി ബേണ്‍സിനെയാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 15 റണ്‍സെടുത്ത ബേണ്‍സിനെ റോസ്റ്റണ്‍ ചേസ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ലഞ്ചിന് ശേഷം സാക്ക് ക്രോളിയെ(0) കൂടി മടക്കി ചേസ് ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. സിബ്ലിയും ക്യാപ്റ്റന്‍ ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും റൂട്ടിനെ അല്‍സാരി ജോസഫ് ഹോള്‍ഡറുടെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് കരുതി. എന്നാല്‍ പ്രതിരോധിച്ചുനിന്ന സ്റ്റോക്സും സിബ്ലിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റി.

ടോസിന് തൊട്ടുമുമ്പ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച പേസര്‍ ജോഫ്ര ആര്‍ച്ചറെ പുറത്താക്കേണ്ടിവന്നത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. സ്റ്റുവര്‍ട്ട് ബ്രോഡിനൊപ്പം സാം കറനും ക്രിസ് വോക്സുമാണ് പേസര്‍മാരായി ഇംഗ്ലണ്ട് ടീമിലെത്തിയത്. ഇതോടെ കഴിഞ്ഞ ടെസ്റ്റ് കളിച്ച മൂന്ന് പേസര്‍മാരും ഇംഗ്ലണ്ട് ടീമില് നിന്ന് പുറത്തായി. ആദ്യ ടെസ്റ്റില്‍ കളിച്ച മാര്‍ക്ക് വുഡിനും ജെയിംസ് ആന്‍ഡേഴ്സണും ഇംഗ്ലണ്ട് നേരത്തെ വിശ്രമം അനുവദിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്ന ജോ റൂട്ട് ഇംഗ്ലണ്ട് നായകനായി തിരിച്ചെത്തിയിട്ടുണ്ട്.