ലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്! രണ്ട് സെഞ്ചുറി നേടിയിട്ടും ജോ റൂട്ട് മത്സരത്തിലെ താരമായില്ല
രണ്ടിന് 53 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗിനെത്തിയ ലങ്കയ്ക്ക് തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമാണ് സാധിച്ചത്.
ലണ്ടന്‍: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റ് 190 റണ്‍സിന് ജയിച്ചതോടെയാണ് ഒരു മത്സരം ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. 493 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ശ്രീലങ്ക നാലാം ദിനം 292ന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ഗുസ് അറ്റ്കിന്‍സണാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ ജോ റൂട്ട് നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. സ്‌കോര്‍ ഇംഗ്ലണ്ട് 427 & 251, ശ്രീലങ്ക 196 &292. സെഞ്ചുറിയും ഏഴ് വിക്കറ്റും സ്വന്തമാക്കിയ അറ്റ്കിന്‍സണാണ് മത്സരത്തിലെ താരം.
രണ്ടിന് 53 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗിനെത്തിയ ലങ്കയ്ക്ക് തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമാണ് സാധിച്ചത്. നിഷാന്‍ മധുഷ്‌ക (13), പതും നിസ്സങ്ക (14) എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ നഷ്ടമായി. ദിമുത് കരുണാരത്‌നെ (55), ദിനേശ് ചാണ്ഡിമല്‍ (58), ധനഞ്ജയ ഡി സില്‍വ (50), മിലന്‍ രത്‌നായകെ (43) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. അറ്റ്കിന്‍സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. നേരത്തെ, രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ റൂട്ടാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ ലീഡിലേക്ക് നയിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 143 റണ്‍സ് നേടിയ റൂട്ട് രണ്ടാം ഇന്നിംഗ്‌സ് 103 റണ്‍സ് നേടി. അറ്റ്കിന്‍സണ്‍ ആദ്യ ഇന്നിംഗ്‌സില്‍ 118 റണ്‍സ് നേടിയിരുന്നു.
റൂട്ട് കരിയറിലെ 34-ാം ടെസ്റ്റ് സെഞ്ചുറിയാണ് കുറിച്ചത്. ഇതോടെ ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ ജോ റൂട്ട്, സുനില്‍ ഗവാസ്‌കര്‍, ബ്രയാന്‍ ലാറ, മഹേല ജയവര്‍ധന, യൂനിസ് ഖാന്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പമെത്തി. ടെസ്റ്റ് സെഞ്ചുറികളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(51), ജാക്വിസ് കാലിസ്(45), റിക്കി പോണ്ടിംഗ്(41), കുമാര്‍ സംഗാക്കര(38), രാഹുല്‍ ദ്രാവിഡ്(36) എന്നിവര്‍ മാത്രമാണ് ഇനി ജോ റൂട്ടിന് മുന്നിലുള്ളത്.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ നാലാമത്തെ മാത്രം ബാറ്റാണ് ജോ റൂട്ട്.വെസ്റ്റ് ഇന്‍ഡീസിന്റെ ജോര്‍ജ് ഹെഡ്ലി, ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ച്, മൈക്കല്‍ വോണ്‍ എന്നിവര്‍ മാത്രമാണ് റൂട്ടിന് മുമ്പ് ലോര്‍ഡ്‌സില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ ബാറ്റര്‍മാര്‍.