വനിതാ ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടമായി. സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇന്ത്യക്ക് ഈ മത്സരം ജയിച്ചേ തീരൂ. 

ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. നാല് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് ഇന്ത്യക്കുള്ളത്. തോല്‍വി അറിയാതെ മുന്നേറുന്ന ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ ഏഴ് പോയിന്റ്. ഇന്ന് ജയിച്ചാല്‍ ഇംഗ്ലണ്ടിന് സെമി ഉറപ്പിക്കാം.

ഇംഗ്ലണ്ടിനെതിരെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജമീമ റോഡ്രിഗസിന് പകരം രേണുക സിംഗ് ടീമിലെത്തി. ഇംഗ്ലണ്ട് രണ്ട് മാറ്റം വരുത്തി. സോഫി എക്ലെസ്‌റ്റോണ്‍, ലോറന്‍ ബെല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യന്‍: പ്രതീക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് (ക്യാപ്റ്റന്‍), അമന്‍ജോത് കൗര്‍, സ്‌നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ് താക്കൂര്‍.

ഇംഗ്ലണ്ട് : ആമി ജോണ്‍സ് (ക്യാപ്റ്റന്‍), ടാമി ബ്യൂമോണ്ട്, ഹീതര്‍ നൈറ്റ്, നാറ്റ് സ്‌കൈവര്‍-ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്‌ലി, എമ്മ ലാംബ്, ആലീസ് കാപ്‌സി, ഷാര്‍ലറ്റ് ഡീന്‍, സോഫി എക്ലെസ്റ്റോണ്‍, ലിന്‍സി സ്മിത്ത്, ലോറന്‍ ബെല്‍.

ഒരാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ഇന്ന് വീണ്ടും ഗ്രൗണ്ടിലിറങ്ങുന്നത്. സമീപകാലത്ത് ഇംഗ്ലണ്ടിനെതിരെ നടത്തിയ മികച്ച പ്രകടനങ്ങളാണ് ജീവന്‍മരണപ്പോരില്‍ ഇന്ത്യക്ക് ഇന്ന് ആത്മവിശ്വാസം നല്‍കുന്നത്. 2022നുശേഷം കളിച്ച ആറ് ഏകദിനങ്ങളില്‍ അഞ്ചിലും ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇത്തവണ ലോകകപ്പില്‍ ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ പതറിയത് ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്‍കുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ഇടം കൈയന്‍ സ്പിന്നിന് മുന്നില്‍ ഇന്ത്യക്ക് 15 വിക്കറ്റുകളാണ് നഷ്ടമായത്. ഇംഗ്ലണ്ട് നിരയില്‍ ഇന്ത്യ ഭയക്കേണ്ടത് സോഫി എക്ലിസ്റ്റണിന്റെയും ലിന്‍സി സ്മിത്തിന്റെയും ഇടം കൈയന്‍ സ്പിന്നിനെയാണ്.

YouTube video player