ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് വിജയത്തോടെ പാകിസ്ഥാൻ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.

ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി പാകിസ്ഥാന്‍. നിലവിലെ ചാംപ്യന്‍മാരായ ദക്ഷിമാഫ്രിക്കയെ ലാഹോര്‍ ടെസ്റ്റില്‍ 93 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് പാകിസ്ഥാന്‍, ഇന്ത്യയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാമതെത്തിയത്. പാകിസ്ഥാനെതിരെ 277 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്ക നാലാം ദിനം 183 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 54 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസും 45 റണ്‍സെടുത്ത ഓപ്പണര്‍ റിയാന്‍ റിക്കിള്‍ടണും മാത്രമെ ദക്ഷിണാഫ്രിക്കക്കായി പൊരുതിയുള്ളു. പാകിസ്ഥാനുവേണ്ടി സ്പിന്നര്‍മാരായ നോമാന്‍ അലി നാലും സാജിദ് ഖാന്‍ രണ്ടും വിക്കറ്റെടുത്തപ്പോള്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും നാലു വിക്കറ്റുമായി തിളങ്ങി. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ പാകിസ്ഥാന്‍ 1-0ന് മുന്നിലെത്തി.

പാകിസ്ഥാന്റെ ജയത്തോടെയാണ് പോയിന്റ് പട്ടികയില്‍ മാറ്റം വന്നത്. ഓസ്‌ട്രേലിയയാണ് പട്ടികയില്‍ മുന്നില്‍. കളിച്ച മൂന്ന് ടെസ്റ്റിലും ജയിച്ച ഓസീസിന്റെ പോയിന്റ് ശതമാനം 100 ആണ്. 36 പോയിന്റും അവര്‍ക്കുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഓസീസ് തൂത്തുവാരിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സര്‍ക്കിളിന്റെ പുതിയ സീസണില്‍ പാകിസ്ഥാന്‍ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരമായിരുന്നു ലാഹോറിലേത്. ഒരു മത്സരം ജയിച്ചതോടെ അവര്‍ക്കും 100 പോയിന്റ് ശതമാനമാണുള്ളത്. 12 പോയിന്റും പാകിസ്ഥാനുണ്ട്. പരമ്പരയില്‍ ഇനി ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. ശ്രീലങ്കയാണ് മൂന്നാം സ്ഥാത്ത്. രണ്ട് മത്സരങ്ങള്‍ കളിച്ച ലങ്കയ്ക്ക് ഒരു സമനിലയും ഒരു ജയവുമാണുള്ളത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലായിരുന്നു ഇത്. 66.67 പോയിന്റ് ശതമാനമാണ് ലങ്കയ്ക്ക്. 16 പോയിന്റും അക്കൗണ്ടിലായി.

ഏഴ് മത്സരം പൂര്‍ത്തിയാക്കിയ ഇന്ത്യ നാലാം സ്ഥാനത്ത്. ഇതില്‍ നാല് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും. 61.90 പോയിന്റ് ശതമാനമുണ്ട് ഇന്ത്യക്ക്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് മത്സരങ്ങളും ജയിച്ച ടീം ഇന്ത്യക്ക് പോയിന്റ് ശതമാനം കൂട്ടാനായിരുന്നു. 52 പോയിന്റും ശുഭ്മാന്‍ ഗില്ലിനും സംഘത്തിനുമുണ്ട്. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. രണ്ട് മത്സരം തോല്‍ക്കുകയും ചെയ്തു. ഒന്ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു.

ഇംഗ്ലണ്ട് അഞ്ചാമത്

അഞ്ച് ടെസ്റ്റില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 26 പോയന്റും 43.33 പോയന്റ് ശതമാനവുമുള്ള ഇംഗ്ലണ്ട് ആണ് പോയന്റ് പട്ടികയില്‍ ഇന്ത്യക്ക് പിന്നില്‍ അഞ്ചാമത്. രണ്ട് ടെസ്റ്റില്‍ ഒരു തോല്‍വിയും ഒരു സമനിലയും അടക്കം നാലു പോയന്റും16.67 പോയന്റ് ശതമാവുമുള്ള ബംഗ്ലാദേശ് ആണ് ആറാം സ്ഥാനത്ത്. ബംഗ്ലാദേശിന് പിന്നില്‍ ദക്ഷിണാഫ്രിക്ക. കളിച്ച അഞ്ച് തോറ്റ വിന്‍ഡീസ് എട്ടാം സ്ഥാനത്താണ്. ന്യൂസിലന്‍ഡ് ഇതുവരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല.

YouTube video player