ലാറ തന്റെ ആദ്യ ഹീറോ ആണെന്നും ജീവിത പാഠങ്ങൾ പകർന്നു നൽകിയ അധ്യാപകനാണെന്നും അദ്ദേഹം പറഞ്ഞു. 

ദുബായ്: അധ്യാപക ദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ച് പ്രമുഖ സംരംഭകനായ ബൈജു രവീന്ദ്രന്‍. 'എല്ലാ അധ്യാപകരും ക്ലാസ് മുറികളില്‍ നില്‍ക്കാറില്ല. ചിലര്‍ ബാറ്റ് കയ്യില്‍ പിടിച്ചുകൊണ്ട് പഠിപ്പിക്കുന്നു.' എന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങുന്നത്.

അദ്ദേഹത്തിന്റെ കുറിപ്പിലെ പ്രസക്ത ഭാഗം ഇങ്ങനെ... ''കേരളത്തിലെ ഒരു ഗ്രാമപ്രദേശത്ത് നിന്ന് വരുന്ന എനിക്ക്, ക്രിക്കറ്റ് വികാരമായിരുന്നു. അതായിരുന്നു എന്റെ ക്ലാസ് മുറി. ക്രിക്കറ്റ് കമന്ററി കേട്ടാണ് ഞാന്‍ ഇംഗ്ലീഷ് പോലും പഠിച്ചത്. ബ്രയാന്‍ ചാള്‍സ് ലാറയായിരുന്നു എന്റെ ആദ്യ. ഹീറോ. അതുകൊണ്ടാണ് എന്റെ ഈമെയില്‍ ഐഡിയില്‍ അദ്ദേഹത്തിന്റെ പേര് കൂടി ഉള്‍പ്പെടുത്തിയത്. എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ പാഠങ്ങള്‍ അദ്ദേഹം എനിക്ക് നല്‍കി. വേണ്ടത്ര പരിശീലനത്തിലൂടെ നിങ്ങള്‍ക്ക് ഏത് കഴിവിലും പ്രാവീണ്യം നേടാനാകുമെന്ന് അദ്ദേഹം എന്നെ ബോധ്യപ്പെടുത്തി.

അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനങ്ങള്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? 375, 400 നോട്ടൗട്ട്, അനശ്വരമായ 501. അങ്ങനെ എത്രയെത്ര പ്രകടനങ്ങള്‍. മുന്നോട്ട് പോകാനുള്ള പദ്ധതി എങ്ങനെ തയ്യാറാക്കണമെന്ന് അദ്ദേഹത്തിന് എപ്പോഴും അറിയാമായിരുന്നു. 1994-ല്‍, ഇംഗ്ലണ്ടിനെതിരെ 766 മിനിറ്റ് ബാറ്റ് ചെയ്ത് 375 റണ്‍സ് നേടി ഒരു ലോക റെക്കോര്‍ഡിട്ടു. ഏകദേശം ഒരു ദശാബ്ദത്തിനുശേഷം, മാത്യു ഹെയ്ഡന്‍ 380 റണ്‍സുമായി അദ്ദേഹത്തെ മറികടന്നു. പലരും ഈ മാര്‍ക്ക് വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്ന് കരുതി. എന്നാല്‍ ആറ് മാസത്തിന് ശേഷം, ലാറ 400 റണ്‍സ് നേടി.

അതിലൂടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് തിരിച്ചുപിടിച്ച ഏക ബാറ്റ്‌സ്മാനായി ലാറ മാറി. ലാറയ്ക്ക് കുറവുകളില്ലായിരുന്നു. എല്ലാറ്റിനുമുപരി, ബാറ്റിംഗിനെ മനോഹരമാക്കിയത് ലാറയാണ്. പഠനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും ഭയപ്പെടരുതെന്നും അദ്ദേഹം എന്നെ പഠിപ്പിച്ചു.'' ബൈജു രവീന്ദ്രന്‍ കുറിച്ചിട്ടു. 'മുന്നോട്ട് പോകാന്‍ ധൈര്യം നല്‍കുന്ന എല്ലാവര്‍ക്കും ഹാപ്പി ടീച്ചേഴ്‌സ്‌ഡേ' എന്നും അദ്ദേഹം ചേര്‍ത്തു.

YouTube video player