ലണ്ടന്‍: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ സിക്സര്‍ റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. അയര്‍ലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയ മോര്‍ഗന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് സ്വന്തം പേരിലാക്കിയത്. 332 മത്സരങ്ങളില്‍ 211 സിക്സറുകള്‍ നേടിയ ധോണിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ മോര്‍ഗന് വേണ്ടിവന്നത് വെറും 163 മത്സരങ്ങള്‍ മാത്രം.


324 മത്സരങ്ങളില്‍ 171 സിക്സര്‍ നേടിയ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ് നായകന്‍മാരില്‍ സിക്സര്‍ റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനത്ത്. നായകനെന്ന നിലയില്‍ 121 മത്സരങ്ങളില്‍ 170 സിക്സറുകള്‍ നേടിയിട്ടുള്ള മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രെണ്ടന്‍ മക്കല്ലം ആണ് നാലാം സ്ഥാനത്ത്. 124 മത്സരങ്ങളില്‍ 135 സിക്സര്‍ നേടിയിട്ടുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സാണ് അഞ്ചാം സ്ഥാനത്ത്.

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയ താരം വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലാണ്. 534 സിക്സറുകളാണ് ഗെയ്‌ലിന്റെ പേരിലുള്ളത്. 476 സിക്സറുകളുമായി മുന്‍ പാക് താരം ഷാഹിദ് അഫ്രീദി രണ്ടാം സ്ഥാനത്തും 423 സിക്സറുകളുമായി രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുമാണ്. ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയ താരങ്ങളില്‍ കരിയറില്‍ 359 സിക്സറുകള്‍ നേടിയിട്ടുള്ള ധോണി അഞ്ചാമതാമ്. 324 സിക്സറുകളാണ് കളിക്കാരനെന്ന നിലയില്‍ ഓയിന്‍ മോര്‍ഗന്റെ പേരിലുള്ളത്.

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകകള്‍ നേടിയ താരം എന്ന റെക്കോര്‍ഡ് മോര്‍ഗന്‍  സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ 71 പന്തുകളില്‍ നിന്നും 148 റണ്‍സ് നേടിയ മോര്‍ഗന്‍ 17 സിക്സറുകളാണ് അടിച്ചെടുത്തത്.