കഴിഞ്ഞ മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് ആയിരുന്ന കളിക്കാരനെ എന്തിനാണ് പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തിരുത്തിയതെന്ന് എന്‍റെ ഭാര്യ പോലും ചോദിച്ചു.

ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണെയും യുവതാരം വൈഭവ് സൂര്യവംശിയെയും മാറിമാറി പരീക്ഷിക്കുന്ന ഇന്ത്യൻ ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ആദ്യ മത്സരത്തില്‍ കഴിഞ്ഞ സിംബാബ്‌വെ പരമ്പരയിലെ പ്ലെയർ ഓഫ് ദി സീരീസ് ആയിരുന്ന 15-കാരൻ വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയതാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ശ്രീകാന്തിന്‍റെ പ്രതികരണം.

കഴിഞ്ഞ മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് ആയിരുന്ന കളിക്കാരനെ എന്തിനാണ് പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തിരുത്തിയതെന്ന് എന്‍റെ ഭാര്യ പോലും ചോദിച്ചു. ടീം മാനേജ്‌മെന്‍റ് വൈഭവിനോട് നീതി പുലർത്തുന്നില്ല. ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ അടുത്ത കളിയിൽ ടീമിൽ ഉണ്ടാകുമോ എന്ന ഭയം കളിക്കാർക്ക് നൽകരുത്. വൈഭവിന് തുടർച്ചയായി അവസരങ്ങൾ നൽകണമെന്നും ശ്രീകാന്ത് വ്യക്തമാക്കി.

സഞ്ജു സാംസണിനെ കൈകാര്യം ചെയ്യുന്ന രീതിയെയും ശ്രീകാന്ത് കടുത്ത ഭാഷയിൽ വിമർശിച്ചു. എനിക്ക് സഞ്ജുവിനോട് സഹതാപം തോന്നുണ്ട്. ടീം മാനേജ്‌മെന്‍റ് സഞ്ജുവിനെയും കൊണ്ട് കളിക്കുകയാണ്. ഒന്നുകിൽ സഞ്ജുവിന് തുടർച്ചയായി അവസരം നൽകിയ ശേഷം പ്രകടനം മോശമായാൽ ഒഴിവാക്കുക, അല്ലെങ്കിൽ വൈഭവിന് തുടർച്ചയായ മത്സരങ്ങൾ നൽകുക. ഇരുവരെയും രണ്ട് മത്സരം വീതം മാറിമാറി കളിപ്പിക്കുന്നത് കളിക്കാരുടെ ആത്മവിശ്വാസം കെടുത്തുമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

അഫ്ഗാനെതിരായ മത്സരത്തിൽ വൈഭവിന് പകരം ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 8 പന്തിൽ 10 റൺസെടുത്ത് പുറത്തായിരുന്നു. എങ്കിലും ഇന്ത്യ മത്സരം 7 വിക്കറ്റിന് ജയിച്ചു. നാളെ ഡൽഹിയിൽ നടക്കുന്ന രണ്ടാം ടി20യിൽ സഞ്ജുവിനെ നിലനിർത്തുമോ അതോ വൈഭവിനെ തിരികെ കൊണ്ടുവരുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക