ദില്ലി: കൊവിഡ് 19 വൈറസ് രോഗബാധയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ക്രിക്കറ്റ് താരം മരിച്ചു. ഡല്‍ഹിയിലെ അറിയപ്പെടുന്ന ക്ലബ്ബ് ക്രിക്കറ്റ് താരവും ഡല്‍ഹി അണ്ടര്‍ 23  ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫുമായിരുന്ന സഞ്ജയ് ദോബാല്‍(53) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയിലായ ദോബാലിന് പിന്നീട് കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. ദോബാലിനെ പ്ലാസ്മാ തെറാപ്പിക്ക് വിധേയനാക്കിയെങ്കിലും ഫലപ്രദമായില്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൂത്ത മകന്‍ സിദ്ധാന്ത് രാജസ്ഥാന്റെ ഫസ്റ്റ് ക്ലാസ് താരമാണ്. ഇളയമകന്‍ ഏക്‌നാശ് ഡല്‍ഹി അണ്ടര്‍-23 ടീം അംഗമാണ്.ഡല്‍ഹി ഫിറോസ് ഷാ കോട്‌ലാ ക്രിക്കറ്റ് ഗ്രൗണ്ടിലെ നിത്യസാന്നിധ്യമായ ദോബാല്‍ ഇന്ത്യന്‍ താരങ്ങളായിരുന്ന വീരേന്ദര്‍ സെവാഗിന്റെയും ഗൗതം ഗംഭീറിന്റെയും മിഥുന്‍ മന്‍ഹാസിന്റെയുമെല്ലാം അടുത്ത സുഹൃത്തുമാണ്. ഡല്‍ഹിയിലെ പ്രശസ്തമായ സോണറ്റ് ക്ലബ്ബിന്റെ താരമായിരുന്നു ദോബാല്‍.

ചികിത്സയിലിരിക്കെ ദോബാലിന്റെ പ്ലാസ്മാ തെറാപ്പിക്കായി പ്ലാസ്മ ദാനം ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൗതം ഗംഭീറും മിഥുന്‍ മന്‍ഹാസും ട്വിറ്ററിലൂടെ അഭ്യര്‍ത്ഥന നടത്തിയിരുന്നു. തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ ആയ ദിലീപ് പാണ്ഡെയാണ് ദോബാലിന് പ്ലാസ്മാ ദാതാവിനെ കണ്ടെത്തി നല്‍കിയത്.  

എയര്‍ ഇന്ത്യ ജീവനക്കാരനായിരുന്ന ദോബാലിന് ഡല്‍ഹിക്കായി രഞ്ജി ട്രോഫിയില്‍ കളിക്കാനായില്ലെങ്കിലും നിരവധി ജൂനിയര്‍ താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്.