രോഹിത് ശര്‍മയ്ക്ക് (Rohit Sharma) കീഴില്‍ കോലി കളിക്കുന്ന ആദ്യ പരമ്പര കൂടിയായിരിക്കുമിത്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

മുംബൈ: മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം രാജിവച്ച ശേഷം വിരാട് കോലി (Virat Kohli) കളിക്കുന്ന പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ വരാനിരിക്കുന്നത്. രോഹിത് ശര്‍മയ്ക്ക് (Rohit Sharma) കീഴില്‍ കോലി കളിക്കുന്ന ആദ്യ പരമ്പര കൂടിയായിരിക്കുമിത്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

എന്നാല്‍ ഇന്ത്യയെ അലട്ടുന്നത് കോലിയുടെ ഫോമാണ്. രണ്ട് വര്‍ഷങ്ങള്‍ക്കിടെ അദ്ദേഹത്തിന് സെഞ്ചുറിയൊന്നും നേടാന്‍ സാധിച്ചിട്ടില്ല. മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറും (Ajit Agarkar) പറയുന്നത് ഇക്കാര്യമാണ്. പരമ്പരയിലെ ശ്രദ്ധാകേന്ദ്രം കോലിയായിരിക്കുമെന്നാണ് അഗാര്‍ക്കറുടെ പക്ഷം. ''മോശം സമയത്തിലൂടെയാണ് കോലി പോയികൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പരമ്പരയിലെ ശ്രദ്ധാകേന്ദ്രം കോലിയായിരിക്കും. 

കോലി ഫോമിലേക്ക് തിരിച്ചെത്തിയാല്‍ രോഹിത്തിനും സംഘത്തിലും കാര്യങ്ങള്‍ എളുപ്പമാവും. കോലി ലോകോത്തര താരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ നിലവില്‍ അദ്ദേഹത്തിന്റെ ഫോം ആശങ്കപ്പെടുത്തുന്നതാണ്. എന്നാല്‍ അധികം വൈകാതെ കോലി ഫോമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.'' അഗാര്‍ക്കര്‍ പറഞ്ഞു. 

ടി20 ലോകകപ്പിന് ശേഷമാണ് കോലി ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. പിന്നാലെ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് ബിസിസിഐ കോലിയെ നീക്കി. രണ്ട് ഫോര്‍മാറ്റിലും രോഹിത്താണ് ഇപ്പോള്‍ ഇന്ത്യയെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് ടീം നായകസ്ഥാനത്ത് നിന്നും കോലി ഒഴിഞ്ഞു. ടെസ്റ്റിലും രോഹിത് നായകനായി എത്താനാണ് സാധ്യത.