ദുബായ്: ഐസിസി ടൂര്‍ണമെന്റുകളുടെ ഡിജിറ്റല്‍ കണ്ടന്റുകള്‍ കൂടുതല്‍ ആരാധകരിലേക്ക് എത്തിക്കാന്‍ ഫേസ്ബുക്കുമായി കൈകോര്‍ത്ത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി). ഐസിസി നടത്തുന്ന ടൂര്‍ണമെ്റുകളിലെ മത്സരങ്ങളുടെ ഹൈലൈറ്റുകള്‍, മത്സരത്തിലെ നിര്‍ണായക നിമിഷങ്ങള്‍, മറ്റ് വാര്‍ത്തകള്‍, വീഡിയോകള്‍ എന്നിവയെല്ലാം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആരാധകര്‍ക്ക് ഇനി ഫേസ്ബുക്കിലൂടെ ലഭ്യമാവും.

അടുത്ത നാലുവര്‍ഷത്തേക്കാണ് ഫേസ്ബുക്കുമായി ഐസിസി കരാറിലെത്തിയത്. ഇംഗ്ലണ്ടില്‍ മെയ്-ജൂണ്‍ മാസങ്ങളിലായി നടന്ന ഐസിസി ലോകകപ്പിലെ ആരാധക പങ്കാളിത്തമാണ് ഫേസ്ബുക്കുമായി കൈകോര്‍ക്കാന്‍ ഐസിസിയെ പ്രേരിപ്പിച്ചത്.

ഫേസ്ബുക്കിന് പുറമെ  ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും ഐസിസി ടൂര്‍ണമെന്റുകളുടെ ഡിജിറ്റല്‍ കണ്ടന്റുകള്‍  ലഭ്യമാവും. ഓഗ്മെന്റ് റിയാലിറ്റി, വെര്‍ച്യുല്‍ റിയാലിറ്റി സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിയായിരിക്കും ഫേസ്ബുക്ക് ഡിജിറ്റല്‍ കണ്ടന്റുകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക.