ഓസ്‌ട്രേലിയക്കെതിരെ പരമ്പര കളിച്ച് മതിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് ഓസീസ് പിന്‍മാറിയതോടെ തീരുമാനം നേരത്തെയാക്കുകയായിരുന്നു.

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്നാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഓസ്‌ട്രേലിയക്കെതിരെ പരമ്പര കളിച്ച് മതിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് ഓസീസ് പിന്‍മാറിയതോടെ തീരുമാനം നേരത്തെയാക്കുകയായിരുന്നു. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ താരം തുടരും. 

വിരമിക്കല്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞതിങ്ങനെ.. . ''ഓസീസിനെതിരെ കളിച്ച് വിരമിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പര്യടനം റദ്ദായി. അതുകൊണ്ടാണ് നേരത്തെയെടുത്ത തീരുമാനം നിങ്ങളെ അറിയിക്കുന്നത്. ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. കരിയറിലെ പുതിയ അധ്യായത്തിലേക്ക് കടക്കേണ്ടിയിരിക്കുന്നു.'' ഫാഫ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കായി 69 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഫാഫ് 118 ഇന്നിങ്‌സില്‍ നിന്നായി 4163 ണ്‍സ് നേടിയിട്ടുണ്ട്. 199 റണ്‍സാണ് ഫാഫിന്റെ ഉയര്‍ന്ന സ്‌കോര്‍. ശ്രീലങ്കയ്‌ക്കെതിരെ ഇക്കഴിഞ്ഞ പരമ്പരയിലായിരുന്നു അത്. 40.03 ശരാശരിയിലാണ് താരത്തിന്റെ സ്‌കോര്‍. ഇതില്‍ പത്ത് സെഞ്ചുറികളും ഉള്‍പ്പെടും. 143 ഏകദിനങ്ങളില്‍ നിന്ന് 46.67 ശരാശരിയില്‍ 5507 റണ്‍സാണ് സമ്പാദ്യം. 50 ടി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 35.53 ശരാശരിയില്‍ 1528 റണ്‍സും കണ്ടെത്തി.