ജോഹന്നാസ്ബര്‍ഗ്: ധോണിയില്ലാത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഫാഫ് ഡു പ്ലെസിസ്. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു സിഎസ്‌കെയുടെ താരമായ ഫാഫ്. 2008 പ്രഥമ ഐപിഎല്‍ മുതല്‍ സിഎസ്‌കെയുടെ ക്യാപ്റ്റനാണ് ധോണി.

ധോണിയുണ്ടാക്കുന്ന സ്വാധീനം മറ്റൊരാള്‍ക്കും കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് ഫാഫ് പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ഇനി ചുരുങ്ങിയത് ഒന്നോ, രണ്ടോ സീസണ്‍ മാത്രമേ ഒരുപക്ഷെ ധോണിയെ സിഎസ്‌കെയുടെ നായകസ്ഥാനത്തു കാണാന്‍ സാധ്യതയുള്ളൂ. നായകനെന്ന നിലയില്‍ അത്രയും വലിയ സ്വാധീനം അദ്ദേഹത്തിനുണ്ട്.ധോണി മുന്നില്‍ നിന്നു നയിക്കുമ്പോള്‍ സിഎസ്‌കെ തീര്‍ത്തും വ്യത്യസ്തമായൊരു ടീമാണ്.

ധോണി ടീം വിട്ടാല്‍ സിഎസ്‌കെ മറ്റൊരു ടീമായി മാറും. അദ്ദേഹം ടീമില്‍ ഇല്ലെങ്കില്‍ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കപ്പെടുക. ധോണിയല്ലാതെ മറ്റൊരു ക്യാപ്റ്റനു കീഴില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല.'' ഫാഫ് പറഞ്ഞുനിര്‍ത്തി. 
 
ഏതു ടീമിലും ഒരു ക്യാപ്റ്റന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. വ്യക്തിപരമായി കളിക്കളത്തില്‍ ഫീല്‍ഡിങ് ക്രമീകരണത്തില്‍ താന്‍ സഹായിക്കാറുണ്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ മുടങ്ങിയതില്‍ മറ്റുള്ളവരെപ്പോലെ തനിക്കും കടുത്ത നിരാശയുണ്ടെന്നു ഡുപ്ലെസി കൂട്ടിച്ചേര്‍ത്തു.