കേപ്ടൗണ്‍: ടെസ്റ്റ് ക്രിക്കറ്റിലെ ടോസ് സമ്പ്രദായത്തിന് മാറ്റം വേണമെന്ന നിര്‍ദേശവുമായി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ്. ടോസിന് പകരം ആദ്യം എന്ത് ചെയ്യണമെന്ന് തിരഞ്ഞെടുക്കാനുള്ള തീരുമാനം സന്ദര്‍ശക ടീമിന് നല്‍കണമെണ് ഡുപ്ലെസിസ് അഭിപ്രായപ്പെട്ടു. 

ഇന്ത്യക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്ക് ടോസ് നഷ്ടമായിരുന്നു. ഈ മത്സരങ്ങളിലെല്ലാം ടീം പരാജയപ്പെടുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡുപ്ലെസിസിന്റെ നിര്‍ദേശം. അദ്ദേഹം തുടര്‍ന്നു.. ''ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ടോസ് ഒഴിവാക്കിയാലും പ്രശ്‌നമൊന്നുമില്ല. ഇന്ത്യയ്‌ക്കെതിരെ നടന്ന പരമ്പരയിലെ എല്ലാ ടെസ്റ്റ് മത്സരങ്ങളിലും അവരാണ് ആദ്യം ബാറ്റ് ചെയ്തത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 500 റണ്‍സോളം നേടി. മികച്ച സ്‌കോറാവുമ്പോള്‍ ഡിക്ലയര്‍ ചെയ്യുകയുമാണ് ചെയ്തിരുന്നത്. ഇതോടെ മൂന്നാം ദിവസമാവുമ്പോള്‍ ഞങ്ങള്‍ സമ്മര്‍ദ്ദത്തിലാവും. എല്ലാ മത്സരത്തിലും ഇത് തന്നെയായിരുന്നു അവസ്ഥ. ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ടോസ് ഒഴിവാക്കിയാല്‍ സന്ദര്‍ശക ടീമുകള്‍ക്കും മികച്ച അവസരം ലഭിക്കും.'' ഡുപ്ലെസിസ് പറഞ്ഞു.