റാങ്കിംഗില്‍ മൂന്നാമനെങ്കിലും നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ടി20 ബാറ്ററാണ് സൂര്യകുമാറെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു

ഹൈദരാബാദ്: വെറും പ്രതിഭയല്ല, പ്രതിഭാസം തന്നെ! ലോക ടി20യിലെ ഏറ്റവും മികച്ച ബാറ്ററാണ് താനെന്ന് തെളിയിച്ച് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ ബാറ്റിംഗ് വിരുന്നൊരുക്കുകയായിരുന്നു സൂര്യകുമാര്‍ യാദവ്. അതും ഷോട്ടുകളുടെ വൈവിധ്യം കൊണ്ട് ഏവരെയും അമ്പരപ്പിച്ച്. പല ഷോട്ടുകള്‍ക്കും പേര് കണ്ടെത്താന്‍ തന്നെ ബുദ്ധിമുട്ട്. മൂന്നാമനായി ഇറങ്ങിയ വിരാട് കോലിക്കൊപ്പം സിക്‌സര്‍മഴ പൊഴിച്ച സൂര്യയെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍. 

റാങ്കിംഗില്‍ മൂന്നാമനെങ്കിലും നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ടി20 ബാറ്ററാണ് സൂര്യകുമാറെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. സൂര്യയുടെ ഷോട്ടുകള്‍ക്ക് പേരിടാന്‍ ഐസിസി വരെ കഷ്‌ടപ്പെടുകയാണ് എന്നായിരുന്നു ഒരു ആരാധകന്‍റെ ട്വീറ്റ്. അങ്ങനെ നീളുന്നു സ്കൈയ്ക്ക് ആരാധകരുടെ പ്രശംസ. സ്കൈയുടെ ഷോട്ട് സെലക്ഷനുകളും അതിലെ വൈവിധ്യവുമാണ് ആരാധകരെ ഏറെ ആകര്‍ഷിച്ചത്. തന്‍റെ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല സൂര്യകുമാര്‍ കളിക്കുന്നത് എന്നും ആരാധകര്‍ പ്രശംസിക്കുന്നു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ 36 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സറും സഹിതം 69 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ സൂര്യ-കോലി സഖ്യം 104 റണ്‍സ് ചേര്‍ത്തതാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 13-ാം ഓവറില്‍ ആദം സാംപയെ സിക്‌സിന് പറത്തി 29 പന്തിലായിരുന്നു സൂര്യകുമാര്‍ അര്‍ധസെഞ്ചുറി തികച്ചത്. അര്‍ധസെഞ്ചുറിക്ക് തൊട്ടുപിന്നാലെയുള്ള പന്തും സ്കൈ ഗാലറിയിലെത്തിച്ചു. 

സൂര്യകുമാര്‍ യാദവിനൊപ്പം വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും തിളങ്ങിയപ്പോള്‍ മൂന്നാം ടി20 ആറ് വിക്കറ്റിന് വിജയിച്ച് ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20യില്‍ ഓസീസ് മുന്നോട്ടുവെച്ച 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ നേടി. സൂര്യ 36 പന്തില്‍ 69 ഉം കോലി 48 പന്തില്‍ 63 ഉം റണ്‍സ് നേടി. പാണ്ഡ്യ 16 പന്തില്‍ 25* റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യ ടി20 ഓസീസ് ജയിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ വിജയിച്ചാണ് രോഹിത് ശര്‍മ്മയുടെ ടീം പരമ്പര സ്വന്തമാക്കിയത്. ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്ന ജയമാണിത്. 

ബുമ്രയുടെയും ഭുവിയുടെയും അക്‌സറിന്‍റേയും കിളിപാറിച്ച വെടിക്കെട്ട്; കാമറൂണ്‍ ഗ്രീനിന് റെക്കോര്‍ഡ്