ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും ബാറ്റിംഗ് നിരയിലെ അനാവശ്യ പരീക്ഷണങ്ങൾ ഇന്ത്യക്ക് തിരിച്ചടിയായി.
ദുബായ്: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാവാതെ ഇന്ത്യ 20 ഓവറില്‍ 168 റണ്‍സിലൊതുങ്ങിയപ്പോള്‍ ബാറ്റിംഗ് നിരയില്‍ നടത്തിയ അനാവശ്യ അഴിച്ചുപണിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ആരാധകര്‍. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് പവര്‍ പ്ലേയില്‍ 72 റണ്‍സടിച്ചപ്പോള്‍ ആദ്യ 10 ഓവറില്‍ 100 റണ്‍സ് പിന്നിട്ട ഇന്ത്യ 9 വിക്കറ്റ് കൈയിലുണ്ടായിട്ടും അവസാന 10 ഓവറില്‍ നേടിയത് 68 റണ്‍സ് മാത്രമായിരുന്നു. പവര്‍ പ്ലേയില്‍ 72 റണ്‍സിലെത്തിയ ഇന്ത്യക്ക് പവര്‍ പ്ലേക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായപ്പോള്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയത് ശിവം ദുബെ ആയിരുന്നു.
എന്നാല്‍ മറുവശത്ത് അടിച്ചു തകര്‍ക്കുന്ന അഭിഷേകിന് പിന്തുണ നല്‍കാനാവാതെ മൂന്ന് പന്തില്‍ രണ്ട് റൺസ് മാത്രമെടുത്ത് ശിവം ദുബെ മടങ്ങി. പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായുള്ള ധാരണപ്പിശകിലും റിഷാദ് ഹൊസൈന്‍റെ തകര്‍പ്പന്‍ ഫീല്‍ഡിംഗിലും അഭിഷേക് റണ്ണൗട്ടായത് ഇന്ത്യയുടെ സ്കോറിംഗ് നിരക്ക് കുത്തനെ താഴ്ത്തി. അഭിഷേകിന്‍റെ റണ്ണൗട്ടായിരുന്നു കളിയിലെ ടേണിംഗ് പോയന്‍റ്. ഒരുഘട്ടത്തില്‍ 200 കടക്കുമെന്ന് കരുതിയ ഇന്ത്യ അഭിഷേക് കൂടി പുറത്തായതോടെ ബൗണ്ടറികള്‍ കണ്ടെത്താൻ പാടുപെട്ടു.
പരീക്ഷണം പാളി
എന്നിട്ടും ഇന്ത്യ പരീക്ഷണം തുടര്‍ന്നു. തിലക് വര്‍മക്ക് പകരം അഞ്ചാം നമ്പറിലിറങ്ങിയത് ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു. ശിവം ദുബെ പുറത്തായപ്പോള്‍ നാലാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാക്കട്ടെ വീണ്ടും നിരാശപ്പെടുത്തി.11 പന്ത് നേരിട്ട് സൂര്യ നേടിയത് അഞ്ച് റണ്‍സ് മാത്രം. മുസ്തഫിസുറിന്‍റെ പന്തില്‍ ജേക്കര്‍ അലിക്ക് ക്യാച്ച് നല്‍കി സൂര്യ മടങ്ങി. ആറാമനായി ക്രീസിലെത്തിയ തിലക് വര്‍മക്കും ഒന്നും ചെയ്യാനായില്ല. ഏഴ് പന്തില്‍ 5 റണ്‍സെടുത്ത തിലകിനെ മടക്കിയത് തന്‍സിം ഹസന്‍ സാക്കിബായിരുന്നു.
ഏഴാം നമ്പറിലെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ ക്രീസിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ച് ക്രീസിലെത്തിയത് അക്സര്‍ പട്ടേല്‍. പന്ത് ടൈം ചെയ്യാന്‍ പാടുപെട്ട അക്സര്‍ നേടിയതാകട്ടെ 15 പന്തില്‍ 10 റണ്‍സ്. ഗില്ലിനെയും ശിവം ദുബെയെയും മടക്കിയ റിഷാദ് ഹൊസൈന്‍ ബംഗ്ലാദേശിനായി തകര്‍പ്പന്‍ ബൗളിംഗ് നടത്തുമ്പോൾ റിഷാദിന്‍റെ ഒരോവറില്‍ 5 സിക്സ് അടിച്ച ചരിത്രമുള്ള സഞ്ജുവിനെ ബാറ്റിംഗിന് ഇറക്കാതിരുന്നത് ആരാധകരെയും അമ്പരപ്പിച്ചു. ആദ്യ 10 ഓവറില്‍ 100 കടന്ന ഇന്ത്യ 168 ല്‍ ഒതുങ്ങിയതിന് കാരണം ബാറ്റിംഗ് ലൈനപ്പിലെ അനാവശ്യ പരീക്ഷണങ്ങളായിരുന്നു. അക്സറും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ക്രീസിലുണ്ടായിട്ടും അവസാന രണ്ടോവറില്‍ 13 റണ്‍സും അവസാന ഓവറില്‍ നാലു റണ്‍സും മാത്രമാണ് ഇന്ത്യക്ക് നേടാനായത്.


