Asianet News MalayalamAsianet News Malayalam

ഒറ്റനോട്ടത്തില്‍ മനസിലാക്കാം, സഞ്ജുവിനോട് ചെയ്യുന്നത് അനീതി - സന്ദീപ് ദാസ് എഴുതുന്നു

55 റണ്‍സിന്റെ ഏകദിന ശരാശരിയുള്ള സഞ്ജുവിന് സൈഡ് ബെഞ്ചില്‍ പോലും സ്ഥാനമില്ല! ഇത് അനീതിയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകും. ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

fans reaction after sanju samson snubbed from indian team for series against australia saa
Author
First Published Sep 19, 2023, 5:28 PM IST

''സഞ്ജു സാസന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നുവെങ്കില്‍ എനിക്കിപ്പോള്‍ ഭയങ്കര നിരാശ തോന്നുമായിരുന്നു...!''
മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്റെ വാക്കുകളാണിത്. ഓസ്‌ട്രേലിയക്കെതിരായ 3 ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇര്‍ഫാന്റെ പ്രതികരണം. ആ സീരീസില്‍ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിക്കുകയും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അത്യാകര്‍ഷകമായ എകദിന റെക്കോര്‍ഡുകള്‍ സ്വന്തം പേരിലുള്ള സഞ്ജുവിന് ടീമില്‍ ഇടമില്ല. സഞ്ജു വലിയ സങ്കടത്തിലാണ്. ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ സഞ്ജു തന്റെ വേദന നിശബ്ദമായി വിവരിച്ചിട്ടുമുണ്ട്.

സഞ്ജുവിന് സ്ഥിരതയില്ലെന്നും കിട്ടിയ അവസരങ്ങള്‍ വേണ്ടതുപോലെ ഉപയോഗിച്ചില്ലെന്നും വിലപിച്ചുകൊണ്ടിരിക്കുന്ന 'നിഷ്‌കളങ്കരോട് ' തര്‍ക്കിച്ച് നമ്മുടെ വിലപ്പെട്ട സമയം കളയേണ്ടതില്ല. ഓ.ഡി.ഐ ക്രിക്കറ്റില്‍ പരിതാപകരമായ പ്രകടനങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന സൂര്യകുമാര്‍ യാദവിന് ടീമില്‍ സ്ഥിരം സ്ഥാനം പതിച്ചുനല്‍കിയിട്ടുണ്ട്. 55 റണ്‍സിന്റെ ഏകദിന ശരാശരിയുള്ള സഞ്ജുവിന് സൈഡ് ബെഞ്ചില്‍ പോലും സ്ഥാനമില്ല! ഇത് അനീതിയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകും. ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ആ സംഘത്തെ നയിക്കാനുള്ള യോഗ്യത സഞ്ജുവിന് ഉണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനല്‍ വരെ എത്തിച്ച നായകനാണ് സഞ്ജു എന്നത് മറക്കരുത്.

സംഭവിച്ചത് എന്താണ്? ഋതുരാജ് ഗെയിക്വാദ് ശൂന്യതയില്‍ നിന്ന് ഏഷ്യന്‍ ഗെയിംസ് ടീമിന്റെ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടു. രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനം പോലും സഞ്ജുവിന് നല്‍കിയില്ല! സീനിയോറിറ്റിയിലും റെക്കോര്‍ഡുകളിലും സഞ്ജുവിനേക്കാള്‍ കാതങ്ങള്‍ പിന്നില്‍ നില്‍ക്കുന്ന പ്രഭ്‌സിമ്രാന്‍ സിങ്ങാണ് രണ്ടാമത്തെ കീപ്പറായത്. ഇതെല്ലാം സ്വാഭാവികമായ കാര്യങ്ങളാണോ?
സഞ്ജുവിനെപ്പോലൊരു നിസ്വാര്‍ത്ഥനായ താരത്തെ ഇന്ത്യന്‍ ടീം അര്‍ഹിക്കുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഒരു ചര്‍ച്ചയില്‍ ക്രിക്കറ്റ് പണ്ഡിതരായ നാസര്‍ ഹുസൈനും സൈമണ്‍ ഡൂളും ശ്രദ്ധേയമായ ഒരു നിരീക്ഷണം മുന്നോട്ടുവെച്ചിരുന്നു- 

''നോക്കൗട്ട് മത്സരങ്ങള്‍ വരുമ്പോള്‍ ഇന്ത്യന്‍ ടീം ഫിയര്‍ലെസ് ക്രിക്കറ്റ് കാഴ്ച്ചവെയ്ക്കുന്നില്ല. പരാജയപ്പെട്ടാല്‍ മാദ്ധ്യമങ്ങളും ആരാധകരും എന്തുപറയും എന്ന ഭയമാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ നയിക്കുന്നത്. പലരും ടീമിലെ സ്ഥാനം ഉറപ്പിക്കാനും കണക്കുകള്‍ മെച്ചപ്പെടുത്താനും വേണ്ടി കളിക്കുകയാണ്. അതുകൊണ്ടാണ് ഇന്ത്യ ഇപ്പോള്‍ ഐ.സി.സി ടൂര്‍ണ്ണമെന്റുകളില്‍ വിജയിക്കാത്തത്...''

ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്ന കളിക്കാരനാണ് സഞ്ജു. 104 എന്ന ഏകദിന സ്‌ട്രൈക്ക് റേറ്റ് അതിന്റെ വ്യക്തമായ സൂചനയാണ്. സഞ്ജു അവസാനം കളിച്ച ഏകദിനത്തില്‍ എന്താണ് സംഭവിച്ചത്? ഇന്ത്യയ്ക്ക് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ സമയത്ത് ക്രീസിലെത്തിയ സഞ്ജു കൗണ്ടര്‍ അറ്റാക്ക് ചെയ്ത് 41 പന്തുകളില്‍ നിന്ന് നാല് സിക്‌സറുകള്‍ അടക്കം 51 റണ്ണുകള്‍ നേടി. എതിരാളികള്‍ ക്ഷണനേരം കൊണ്ട് ബാക്ക്ഫൂട്ടിലായി. ഇന്ത്യയ്ക്ക് നോക്കൗട്ട് മാച്ചുകളില്‍ ഇപ്പോള്‍ മിസ് ചെയ്യുന്ന ഭയരഹിത ഹിറ്റിങ്ങ് അതാണ്.

കഴിഞ്ഞ ഐ.പി.എല്ലിലെ രാജസ്ഥാന്‍-ഗുജറാത്ത് മത്സരം ഓര്‍ക്കുന്നില്ലേ? ടി-20 ക്രിക്കറ്റിലെ പ്രമീയം ബോളറായ റഷീദ് ഖാനെയാണ് സഞ്ജു നിര്‍ദ്ദയം തല്ലിച്ചതച്ചത്. അതാണ് അയാളുടെ പ്രതിഭയുടെ മേന്മ. അങ്ങനെയുള്ള സഞ്ജുവിനെ ടീം മാനേജ്‌മെന്റ് തട്ടിക്കളിക്കുകയാണ് ചെയ്തത്. അയാള്‍ക്ക് സ്ഥിരം ബാറ്റിങ്ങ് പൊസിഷന്‍ പോലും അനുവദിച്ചില്ല. ഔദാര്യം പോലെ അങ്ങിങ്ങായി കുറച്ച് അവസരങ്ങള്‍ കൊടുത്തു. ഓരോ തവണ ബാറ്റിങ്ങിനിറങ്ങുമ്പോഴും സഞ്ജുവിന്റെ തലയ്ക്കുമുകളില്‍ ഒരു വാള്‍ തൂങ്ങിനില്‍പ്പുണ്ടായിരുന്നു. ''ഇന്ന് നന്നായി കളിച്ചില്ലെങ്കില്‍ നാളെ നീ പുറത്താണ് '' എന്ന് ഓര്‍മ്മിപ്പിച്ച,ചന്ദ്രഹാസത്തേക്കാള്‍ മൂര്‍ച്ചയുള്ളൊരു വാള്‍ ഇത്ര വലിയ സമ്മര്‍ദ്ദത്തിനിടയിലും സഞ്ജു നന്നായി പെര്‍ഫോം ചെയ്തു. 

ദക്ഷിണാഫ്രിക്ക പോലൊരു വമ്പന്‍ ടീമിനെതിരെ സ്വപ്നതുല്യമായ സ്ഥിരതയോടെ ബാറ്റ് വീശി. മാച്ച് വിന്നിങ്ങ് ഇന്നിംഗ്‌സിലൂടെ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടി. സിക്‌സര്‍ പായിച്ച് കളി ഫിനിഷ് ചെയ്തു. പരാജയപ്പെട്ട ഏകദിന ഇന്നിംഗ്‌സുകളുടെ എണ്ണം പരമാവധി കുറച്ചു. പക്ഷേ സെലക്ടര്‍മാര്‍ ഇതൊന്നും കണ്ടില്ല. അവര്‍ സൂര്യകുമാര്‍ യാദവിനെ ഏകദിന ക്രിക്കറ്റ് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പഠനം കഴിഞ്ഞ് കഴിവുതെളിയിച്ച സഞ്ജുവിനെ സെലക്ടര്‍മാര്‍ക്ക് ആവശ്യമില്ല! ബി.സി.സി.ഐ-യ്ക്ക് ഇന്നല്ലെങ്കില്‍ നാളെ സഞ്ജുവിനെ പരിഗണിക്കേണ്ടിവരും. വളരെ വൈകി ദേശീയ ടീമില്‍ എത്തുകയും മികവാര്‍ന്ന അന്താരാഷ്ട്ര കരിയര്‍ കെട്ടിപ്പടുക്കുകയും ചെയ്ത മൈക്കിള്‍ ഹസ്സിയുടെ വഴിയിലൂടെ തന്നെ സഞ്ജുവും സഞ്ചരിക്കും. സത്യവും നീതിയും എന്നെങ്കിലും ജയിച്ചേ തീരൂ.
സഞ്ജുവിനുവേണ്ടി വാദിക്കുമ്പോള്‍ പലരും കമ്മട്ടിപ്പാടത്തിലെ വില്ലന്റെ ഭാഷയില്‍ സംസാരിക്കാറുണ്ട്.

'രാജ്യത്തെ ഒരു കളിക്കാരനും സഞ്ജുവിന്‍റെ അവസ്ഥ ആഗ്രഹിക്കില്ല'; സഞ്ജു സാംസണെ തഴഞ്ഞതിൽ തുറന്നടിച്ച് റോബിൻ ഉത്തപ്പ

''നിന്റെ ആരാടാ ഈ സഞ്ജു? സ്വന്തം നാട്ടുകാര്‍ക്കുപോലും അവനെ വേണ്ട. പിന്നെ എന്തിനാ നീ സഞ്ജുവിനുവേണ്ടി ചിലയ്ക്കുന്നത്...? '
അവരോടും സഞ്ജുവിനെ ഭൃത്യനെപ്പോലെ കണക്കാക്കുന്ന ബി.സി.സി.ഐ-യിലെ തമ്പുരാക്കന്‍മാരോടും ഒന്നേ പറയാനുള്ളൂ-
''നീയൊക്കെ കെട്ടിപ്പൊക്കുന്ന ഈ ക്രിക്കറ്റ് കൊട്ടാരത്തിന് വലിയ ഉറപ്പൊന്നും ഇല്ലടാ. അത് പണിയുന്നത് കറുത്ത് കട്ടപിടിച്ച ചോര കൊണ്ടാണ്. സഞ്ജുവിന്റെയൊക്കെ ചോര.... ''

Latest Videos
Follow Us:
Download App:
  • android
  • ios