മത്സരശേഷം താന്‍ ഫോം ഔട്ടല്ലെന്നും നെറ്റ്സില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ തനിക്കാവുന്നുണ്ടെന്നും പറഞ്ഞ സൂര്യകുമാര്‍ യാദവ് വൈകാതെ മത്സരങ്ങളിലും മികച്ച സ്കോര്‍ നേടാനാവുമെന്ന പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തിരുന്നു.
ധരംശാല: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടി പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തിയിട്ടും ക്യാപ്റ്റൻ സൂര്യകുമാര്‍ യദാവിന്‍റെ മോശം ഫോമിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. തകര്‍പ്പന്‍ തുടക്കമിട്ടശേഷം അഭിഷേക് ശര്‍മ മടങ്ങിയപ്പോള്‍ സാധാരണ മൂന്നാം നമ്പറിലിറങ്ങാറുള്ള സൂര്യകുമാര്‍ യാദവ് ഇന്നലെ തിലക് വര്‍മയെ മൂന്നാം നമ്പറിലയച്ചതാണ് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായത്. വിക്കറ്റ് പോകുമെന്ന പേടിയില്‍ സൂര്യകുമാര്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് ആരാധകരുടെ പ്രധാന ആക്ഷേപം. എന്നാല്‍ ഗില്‍ പുറത്തായതിന് പിന്നാലെ നാലാം നമ്പറില്‍ ക്രീസിലിറങ്ങിയ സൂര്യകുമാര്‍ യാദവ് എന്‍ഗിഡി എറിഞ്ഞ പതിനഞ്ചാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ നേടിയതിന് പിന്നാലെ 11 പന്തില്‍ 12 റണ്‍സെടുത്ത് പുറത്തായി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുകയും ചെയ്തു.
മത്സരശേഷം താന്‍ ഫോം ഔട്ടല്ലെന്നും നെറ്റ്സില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ തനിക്കാവുന്നുണ്ടെന്നും പറഞ്ഞ സൂര്യകുമാര്‍ യാദവ് വൈകാതെ മത്സരങ്ങളിലും മികച്ച സ്കോര്‍ നേടാനാവുമെന്ന പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തിരുന്നു. രണ്ടാം ടി20യില്‍ ഗില്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ മൂന്നാം നമ്പറിലിറങ്ങാതെ സൂര്യകുമാര്‍ അക്സര്‍ പട്ടേലിനെയായിരുന്നു മൂന്നാം നമ്പറിലയച്ചത്. ഇതും വിമര്‍ശനത്തിന് കാരണമായിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് കുപ്പായത്തില്‍ 717 റണ്‍സടിച്ച് തിളങ്ങിയ സൂര്യകുമാിന് പക്ഷെ ഈ വര്‍ഷം കളിച്ച 20 മത്സരങ്ങളില്‍ രണ്ട് തവണ മാത്രമാണ് 30 റണ്‍സിനപ്പുറം സ്കോര്‍ ചെയ്യാനായത്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ 25ല്‍ അധികം സ്കോര്‍ ചെയ്യുന്ന ബാറ്ററെന്ന റെക്കോര്‍ഡിട്ട സൂര്യകുമാറിനാണ് ഈ വര്‍ഷം ഇന്ത്യക്കായി കളിച്ച 20 മത്സരങ്ങളില്‍ രണ്ട് തവണ മാത്രം 30ൽ അധികം റണ്‍സ് സ്കോര്‍ ചെയ്യാനായത് എന്നതാണ് വിരോധാഭാസം. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 47 റണ്‍സാണ് സൂര്യയുടെ ഈ വര്‍ഷത്തെ ഉയര്‍ന്ന സ്കോര്‍.


