ഇന്നലെ രണ്ടാം ടി20യില്‍ ഗില്‍ ഗോള്‍ഡന്‍ ഡക്കായതോടെ കോച്ച് ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ടീമിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലും ഗംഭീറിന്‍റെ മുന്‍ സഹതാരം കൂടിയായ റോബിന്‍ ഉത്തപ്പ.

മുള്ളൻപൂര്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിലും വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ നിരാശപ്പെടുത്തിയതോടെ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാത്തതിനെതിരെ ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഓപ്പണറായി ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് സെഞ്ചുറി അടക്കം ഒരു വര്‍ഷം മൂന്ന് സെഞ്ചുറി അടിച്ച് റെക്കോര്‍ഡിട്ട സഞ്ജുവിനെ മാറ്റിയാണ്, ഏഷ്യാ കപ്പ് മുതല്‍ ശുഭ്മാന്‍ ഗില്ലിനെ ഓപ്പണാറാക്കിയത്. സഞ്ജുവിന് മുമ്പ് ഗില്ലായിരുന്നു ഓപ്പണറെന്നും ഗില്‍ തിരിച്ചുവരുമ്പോള്‍ സ്വാഭാവികമായും ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതുണ്ടെന്നുമായിരുന്നു ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് രണ്ടാം ടി20ക്കു മുമ്പ് സഞ്ജുവിനെ ഒഴിവാക്കിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്.

സഞ്ജുവിന് ടീം മതിയായ പരിഗണനയും അവസരവും നല്‍കുന്നുണ്ടെന്നും സൂര്യകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ രണ്ടാം ടി20യില്‍ ഗില്‍ ഗോള്‍ഡന്‍ ഡക്കായതോടെ കോച്ച് ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ടീമിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലും ഗംഭീറിന്‍റെ മുന്‍ സഹതാരം കൂടിയായ റോബിന്‍ ഉത്തപ്പ.ഇത്രയും മോശം പരിഗണന നല്‍കാന്‍ സഞ്ജു എന്ത് തെറ്റാണ് ചെയ്തെന്നും വ്യക്തമായൊരു കാരണമില്ലാതെ ടീം മാനേജ്മെന്‍റ് എന്തിനാണ് വിജയകരമായ ഓപ്പണിംഗ് സഖ്യത്തെ മാറ്റിയതെന്നും റോബിന്‍ ഉത്തപ്പ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ ചോദിച്ചു.

ഞാന്‍ വീണ്ടും വീണ്ടും ചോദിക്കുകയാണ്, സഞ്ജു-അഭിഷേക് ഓപ്പണിംഗ് സഖ്യത്തെ മാറ്റാന്‍ മാത്രം അവരെന്ത് തെറ്റാണ് ചെയ്തത്. രണ്ടാം മത്സരത്തിന് മുമ്പ് സൂര്യ പറഞ്ഞത്, സഞ്ജുവിന് മുമ്പ് ഗില്ലായിരുന്നു ഓപ്പണര്‍ എന്നാണ്. എന്നാല്‍ അവസരം കിട്ടിയപ്പോള്‍ മൂന്ന് സെഞ്ചുറികള്‍ അടിച്ചാണ് സഞ്ജു ഓപ്പണിംഗ് സ്ഥാനം സ്വന്തമാക്കിയത്. യുവതാരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമായിരുന്നു അയാള്‍. അതിനുശേഷമാണ് അഭിഷേക് സെഞ്ചുറി അടിച്ചത്. അതിനുശേഷമാണ് തിലക് സെഞ്ചുറി അടിച്ചത്. ഒരുപക്ഷെ സഞ്ജുവിന്‍റെ സെഞ്ചുറിയാകാം ഇവരെയൊക്കെ മികച്ച പ്രകടനം നടത്താന്‍ പ്രചോദിപ്പിച്ചത്. ഓപ്പണറെന്ന നിലയില്‍ കഴിവു തെളിയിക്കുകയും ബാറ്റിംഗ് ശരാശരിയില്‍ അഭിഷേകിന് തൊട്ടു താഴെ മാത്രം നില്‍ക്കുകയും ചെയ്യുന്ന സഞ്ജുവിനെപ്പോലൊരു താരമുള്ളപ്പോള്‍ അവനെ ആദ്യം മധ്യനിരയിലേക്ക് മാറ്റുന്നു. പിന്നെ പതുക്കെ ടീമില്‍ നിന്നു തന്നെ ഒഴിവാക്കുന്നു. അവനെത് തെറ്റാണ് ചെയ്തത്. അവന്‍ വീണ്ടും അവസരം അര്‍ഹിക്കുന്നില്ലെ എന്നാണ് എന്‍റെ ചോദ്യം.

ഗില്ലിനെ സംബന്ധിച്ച് ടി20 ക്രിക്കറ്റിന് അനുയോജ്യമായ കളിയല്ല ഇപ്പോള്‍ പുറത്തെടുക്കുന്നത്. അഭിഷേകിനൊപ്പം കട്ടക്ക് പിടിച്ചു നില്‍ക്കാന്‍ തുടക്കത്തിലെ വ്യത്യസ്ത ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുന്നതാണ് ഗില്ലിന്‍റെ പ്രശ്നം. അത് ഗില്ലിന്‍റെ സ്വാഭാവിക കളിയല്ല. അങ്ങനെയല്ല ഗില്‍ ഐപിഎല്ലില്‍ തിളങ്ങിയിട്ടുള്ളത്. സമയമെടുത്ത് ക്രീസില്‍ നിലയുറപ്പിച്ച് ആദ്യം 10 പന്തുകളൊക്കെ കളിച്ച് സമ്മര്‍ദ്ദം അകറ്റി പതുക്കെ സ്കോറുയര്‍ത്തി കത്തിക്കയറുന്നതാണ് ഗില്ലിന്‍റെ ശൈലി. സ്വയം വിചാരിക്കാതെ ഔട്ടാവാത്ത തരത്തിലുള്ളൊരു ബാറ്ററാണ് ഗില്‍. അതാണ് ഗില്ലിന് ടി20യില്‍ യോജിക്കുന്ന ശൈലിയെന്നും ഉത്തപ്പ പറഞ്ഞു.വൈസ് ക്യാപ്റ്റൻ കൂടിയാണെന്നതിന്‍റെ സമ്മര്‍ദ്ദവും ഗില്ലിന്‍റെ മുകളിലുണ്ടാവും. എന്നാല്‍ തെറ്റൊന്നും ചെയ്യാത്ത സഞ്ജുവിനെ മാറ്റിയതിന് ഇതൊന്നും ന്യായീകരണമല്ല. കാരണം, ഒരുവര്‍ഷം മൂന്ന് സെഞ്ചുറിയടിച്ച അതേ കളിക്കാരന്‍ തന്നെയാണ് സഞ്ജു ഇപ്പോഴുമെന്നും ഉത്തപ്പ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക