സര്‍ഫറാസ് ഇന്ത്യൻ ടീമിലെത്തിയതില്‍ സൂര്യകുമാര്‍ യാദവ് അടക്കമുള്ള താരങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചെങ്കിലും പാക് താരം ഇമാം ഉള്‍ ഹഖ് സര്‍ഫറാസ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ചത് പക്ഷെ ആരാധകര്‍ അത്ര നല്ല രീതിയിലല്ല കണ്ടത്.
കറാച്ചി: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സര്‍ഫറാസ് ഖാന്‍ ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിയതില്‍ സന്തോഷിക്കുന്നവരാണ് ആരാധകരില്‍ അധികവും. രഞ്ജി ട്രോഫിയിലും ഇന്ത്യ എ കുപ്പായത്തിലും വര്‍ഷങ്ങളായി നടത്തിയ മികച്ച പ്രകടനങ്ങള്‍ക്കൊടുവിലാണ് സര്‍ഫറാസിനെ തേടി ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ വിളിയെത്തിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് കെ എല്‍ രാഹുലിനും രവീന്ദ്ര ജഡേജക്കും പരിക്കേറ്റതോടെയാണ് സര്‍ഫറാസിനെയും ഇടംകൈയന്‍ സ്പിന്നറായ സൗരഭ് കുമാറിനെയും ഓഫ് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിനെയും സെലക്ടര്‍മാര്‍ ടീമിലെടുത്തത്.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തോറ്റതോടെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ രജത് പാടീദാറിനെയാണ് പകരം ടീമിലെടുത്തത്. അപ്പോഴും സര്‍ഫറാസിനെ തഴഞ്ഞതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ 160 പന്തില്‍ 161 റണ്‍സുമായി തിളങ്ങിയതിന് പിന്നാലെയാണ് സര്‍ഫറാസിനെ തേടി ഇന്ത്യൻ ടീമിന്‍റെ വിളിയെത്തുന്നത്.
സര്‍ഫറാസ് ഇന്ത്യൻ ടീമിലെത്തിയതില്‍ സൂര്യകുമാര്‍ യാദവ് അടക്കമുള്ള താരങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചെങ്കിലും പാക് താരം ഇമാം ഉള്‍ ഹഖ് സര്‍ഫറാസ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ചത് പക്ഷെ ആരാധകര്‍ അത്ര നല്ല രീതിയിലല്ല കണ്ടത്. സര്‍ഫറാസിനെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിലെടുത്തതായി പ്രഖ്യാപനം വന്നതിന് പിന്നാലെ അഭിന്ദനങ്ങള്‍ സഹോദരാ, നിങ്ങളെയോര്‍ത്ത് സന്തോഷിക്കുന്നുവെന്നായിരുന്നു ഇമാം ട്വീറ്റ് ചെയ്തത്. എന്നാല്‍ മറ്റ് രണ്ടുപേര്‍ക്കും ഇല്ലാത്ത അഭിനന്ദനം സര്‍ഫറാസിന് മാത്രം നല്‍കിയ ഇമാമിന്‍റെ ട്വീറ്റിന് താഴെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി.
എന്തുകൊണ്ടാണ് ഇമാം ഉള്‍ ഹഖ് സര്‍ഫറാസിനെ മാത്രം അഭിനന്ദിക്കുന്നത് എന്നതാണ് ആരാധകര്‍ പ്രധാനമായും വിമര്‍ശനമായി ചോദിക്കുന്നത്. എന്തിനാണ് സര്‍ഫറാസിനെ മാത്രം അഭിനന്ദിക്കുന്നതെന്നും കുറച്ച് അഭിനന്ദനം സൗരഭ് കുമാറിന് കൂടി കൊടുക്കൂവെന്നും ആരാധകര്‍ കുറിച്ചു. സൗരഭ് കുമാര്‍ 2022ൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യക്കായി നാലു ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള താരമാണ്. അതുകൊണ്ടാകും അരങ്ങേറ്റക്കാരനെന്ന നിലയില്‍ സര്‍ഫറാസിനെ ഇമാം അഭിനന്ദിച്ചതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ശ്രമമെന്നാണ് മറ്റു ചിലര്‍ എക്സ് പോസ്റ്റിന് താഴെ മറുപടിയായി കുറിക്കുന്നത്.
