ശ്രേയസ് അയ്യര്‍ അഞ്ചാമതും അക്സര്‍ പട്ടേല്‍ ആറാം നമ്പറിലും ശ്രീകര്‍ ഭരത് ഏഴാമതും ബാറ്റിംഗിനിറങ്ങിയേക്കും. ഗില്ലിനെ പുറത്തിരുത്താന്‍ തീരുമാനിച്ചാല്‍ മാത്രമെ സര്‍ഫറാസ് ഖാന് രണ്ടാം ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതുള്ളു.
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ഹൈദരാബാദ് ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ മധ്യനിരയിലെ നിര്‍ണായക താരങ്ങളായ കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും പരിക്കേറ്റ് പുറത്തായതോടെ വിശാഖപട്ടണത്ത് ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളി. വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനാല്‍ രാഹുലും ജഡേജയും കൂടി പുറത്താവുന്നത് ഇന്ത്യക്ക് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. ആദ്യ ടെസ്റ്റ് തോറ്റ് 0-1ന് പിന്നില്‍ നില്‍ക്കുന്ന പരമ്പരയില്‍ ഒപ്പമെത്താന്‍ വിശാഖപട്ടണത്ത് വിജയം അനിവാര്യമാണ്.
രണ്ടാം ടെസ്റ്റില്‍ തോറ്റാല്‍ പരമ്പര നഷ്ടമെന്ന നാണക്കേട് ഇന്ത്യയെ തുറിച്ചുനോക്കും. അതിനാല്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് രണ്ടാം ടെസ്റ്റ് ജയിക്കേണ്ടതുണ്ട്. ബാറ്റിംഗ് നിരയില്‍ ഫോമിലേക്ക് ഉയരാത്ത ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും അടങ്ങുന്ന മധ്യനിരയാകും വിശാഖപട്ടണത്ത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാകുക. രാഹുല്‍ കൂടി പുറത്തായതോടെ വിശാഖപട്ടണത്ത് ശുഭ്മാന്‍ ഗില്‍ തന്നെ പ്ലേയിംഗ് ഇലവനില്‍ തുടരാനാണ് സാധ്യത. നാലാം നമ്പറില്‍ രജത് പാടീദാറിനായിരിക്കും അവസരം ലഭിക്കുക എന്നാണ് കരുതുന്നത്.
ശ്രേയസ് അയ്യര്‍ അഞ്ചാമതും അക്സര്‍ പട്ടേല്‍ ആറാം നമ്പറിലും ശ്രീകര്‍ ഭരത് ഏഴാമതും ബാറ്റിംഗിനിറങ്ങിയേക്കും. ഗില്ലിനെ പുറത്തിരുത്താന്‍ തീരുമാനിച്ചാല്‍ മാത്രമെ സര്‍ഫറാസ് ഖാന് രണ്ടാം ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതുള്ളു. മധ്യനിരയില്‍ രാഹുലിന്‍റെ അഭാവത്തില്‍ രണ്ട് പുതുമുഖ താരങ്ങളെ പരീക്ഷിക്കുന്നത് തിരിച്ചടിയാകുമോ എന്ന ഭയം ഇന്ത്യൻ ടീം മാനേജ്മെന്‍റിനുണ്ട്. ഈ സാഹചര്യത്തില്‍ പരിചയസമ്പന്നനായ ഗില്ലിന് ഒരു അവസരം കൂടി കൊടുക്കാനായിരിക്കും ടീം മാനേജ്മെന്‍റ് ശ്രമിക്കുക.
ക്യാപ്റ്റനെന്ന നിലയിലും ഓപ്പണറെന്ന നിലയിലും ഹൈദരാബാദില്‍ രോഹിത് ശര്‍മ നിറം മങ്ങിയിരുന്നു. കോലിയുടെയും രാഹുലിന്‍റെയും ജഡേജയുടെയും അഭാവത്തില്‍ രോഹിത്തില്‍ നിന്ന് വലിയൊരു ഇന്നിംഗ്സാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അത് സംഭവിച്ചില്ലെങ്കില്‍ മധ്യനിര വീണ്ടും സമ്മര്‍ദ്ദത്തിലാവും.
ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറികള്‍ നേടിയ രാഹുലും ജഡേജയും ഇന്ത്യൻ ഇന്നിംഗ്സിലേക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ താരങ്ങളാണ്. ബൗളിംഗിലും ജഡേജയുടെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയാണ്. ജഡേജക്ക് പകരം കുല്‍ദീപ് യാദവായിരിക്കും അശ്വിനും അക്സറിനുമൊപ്പം സ്പിന്‍ നിരയില്‍ ഇറങ്ങുക. പേസ് നിരയില്‍ ജസ്പ്രീത് ബുമ്ര ഫോമിലാണെങ്കിലും മുഹമ്മദ് സിറാജിന് ഒന്നും ചെയ്യാനാവാഞ്ഞത് ഇന്ത്യക്ക് ആശങ്കയാണ്. ഈ സാഹചര്യത്തില്‍ മുകേഷ് കുമാറിന് രണ്ടാം ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാനും സാധ്യതയുണ്ട്.
