സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന റിങ്കു തന്‍റെ കുടുംബ പശ്ചാത്തലം പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. റിങ്കുവിന്‍റെ പിതാവ് ഖാന്‍ചന്ത് സിംഗിന് പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ്.
ലഖ്നൗ: വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീമില്‍ ഫിനിഷറുടെ റോളില്‍ സ്ഥാനമുറപ്പിച്ച താരമാണ് റിങ്കു സിംഗ്. കഴിഞ്ഞ ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്സ് അടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അത്ഭുത വിജയം സമ്മാനിച്ചതിന് പിന്നാലെ ഇന്ത്യൻ ടീമിലെത്തിയ റിങ്കു വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായി മാറി കഴിഞ്ഞു. ഇന്ത്യക്കായി ഇതുവരെ കളിച്ച 11 ടി20 ഇന്നിംഗ്സുകളില്‍ 356 റണ്‍സടിച്ച റിങ്കുവിന് 89 ശരാശരിയും 176 സ്ട്രൈക്ക് റേറ്റുമുണ്ട്.
സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന റിങ്കു തന്‍റെ കുടുംബ പശ്ചാത്തലം പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. റിങ്കുവിന്‍റെ പിതാവ് ഖാന്‍ചന്ത് സിംഗിന് പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ്. തനിക്ക് മികച്ച ഐപിഎല്‍ കരാര്‍ ലഭിച്ചിട്ടും സാമ്പത്തിക ചുറ്റുപാടുകളൊക്കെ മെച്ചപെട്ടിട്ടും പിതാവ് ഇപ്പോഴും പാചകവാതക വിതരണത്തിന് പോവാറുള്ള കാര്യവും റിങ്കു പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.
അവന്‍ എന്നെക്കാള്‍ കേമൻ; ഇന്ത്യൻ ടീമിലെത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സര്‍ഫറാസ്
വീട്ടില്‍ വെറുതെ മടിപിടിച്ചിരിക്കാതിരിക്കാനാണ് അറിയാവുന്ന ജോലി തുടരുന്നതെന്നാണ് പിതാവ് പറയുന്നതെന്നാണ് റിങ്കു ഇതിനെക്കുറിച്ച് മുമ്പ് പറഞ്ഞത്. ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്തൊരാളോട് വെറുതെയിരിക്കാന്‍ പറയുന്നത് അതിനെക്കാള്‍ കഠിനമാണെന്നും റിങ്കു ഫ്രീപ്രസ് ജേര്‍ണലിന് മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടുന്നത് റിങ്കുവിന്‍റെ പിതാവ് പാചകവാതക സിലിണ്ടര്‍ വാഹനത്തില്‍ നിന്നെടുത്ത് തോളിലേറ്റി വിതരണം ചെയ്യുന്നൊരു വീഡിയോ ആണ്. വിപിന്‍ തിവാരിയെന്ന എക്സ് യൂസറാണ് റിപ്പബ്ലിക് ദിനത്തില്‍ കഠിനമായി അധ്വാനിക്കുന്ന കുടുംബം എന്ന അടിക്കുറിപ്പോടെ റിങ്കുവിന്‍റെ പിതാവിന്‍റെ വീഡിയോ എക്സില്‍ പങ്കുവെച്ചത്.
ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ജനിച്ച റിങ്കുവിനെ 2018ല്‍ 80 ലക്ഷം രൂപക്കാണ് കൊല്‍ക്കത്ത ആദ്യം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ റിങ്കുവിനെ കൈവിട്ടെങ്കിലും 55 ലക്ഷം രൂപക്ക് കൊല്‍ക്കത്ത വീണ്ടും റിങ്കുവിനെ ടീമിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ജയിക്കാന്‍ അവസാന ഓവറില്‍ 29 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ യാഷ് ദയാലിനെ തുടര്‍ച്ചയായി അഞ്ച് സിക്സ് പറത്തി അവിശ്വസനീയ ജയം സമ്മാനിച്ചതോടെയാണ് റിങ്കുവിലെ ഫിനിഷറെ ലോകം അറിഞ്ഞത്.
