ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. ജംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഗോവയുടെ ജയം. ജയത്തോടെ 11 മത്സരങ്ങളില്‍ 18 പോയിന്റുമായി ഗോവ മൂന്നാമതെത്തി. ഇത്രയും മത്സരങ്ങളില്‍ 13 പോയിന്റുളള ജംഷഡ്പൂര്‍ ഏഴാം സ്ഥാനത്താണ്. ഒര്‍ട്ടിസ് മെന്‍ഡോസ ഇരട്ട ഗോളുകളാണ് ഗോവയ്ക്ക് ജയമൊരുക്കിയത്. ഇവാന്‍ ഗോണ്‍സാലസാണ് മറ്റൊരു ഗോള്‍ നേടിയത്. 

19ാം മിനിറ്റില്‍ മെന്‍ഡോസയുടെ ഗോളിലൂടെ ഗോവ മുന്നിലെത്തി. ആല്‍ബെര്‍ട്ടോ നൊഗ്വേരയുടെ അസിസ്റ്റിലായിരുന്നു ഗോള്‍. തുടര്‍ന്നും ഗോവ ആക്രമിച്ച് കളിച്ചെങ്കിലും പ്രതിരോധിച്ച് നില്‍ക്കാന്‍ ജംഷഡ്പൂരിന് സാധിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോവ ലീഡെടുത്തു. 52ാം മിനിറ്റില്‍ മെന്‍ഡോസ വീണ്ടും ഗോവയെ മുന്നിലെത്തിക്കുകയായിരുന്നു. ഇത്തവണ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റാണ് ഗോളില്‍ കലാശിച്ചത്. 

85ാം മിനിറ്റില്‍ അലക്‌സ് മൊന്റേരിയോ ഡി ലിമ ചുവപ്പ് കാര്‍ഡുമായി പുറത്തായത് ജംഷഡ്പൂരിനെ പ്രതിസന്ധിയിലാക്കി. പത്ത് പേരുമായി ചുരുങ്ങിയതോടെ ഗോവ ഒരു ഗോള്‍ കൂടി നേടി. നൊഗ്വേരയുടെ അസിസ്റ്റാണ് ഗോളില്‍ അവസാനിച്ചത്.