ദില്ലി: ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തില്‍ ജെയിംസ് ഫോക്നര്‍ തന്റെ ഒരോവറില്‍ 30 റണ്‍സടിച്ചതിനെക്കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. ക്രിക്ക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടം തരണം ചെയ്തതിനെക്കുറിച്ച് ഇഷാന്ത് മനസുതുറന്നത്. 2013ല്‍ മൊഹാലിയില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിനത്തില്‍ ജയിക്കാന്‍ ഓസീസിന് 18 പന്തില്‍ 44 റണ്‍സ് വേണ്ടപ്പോഴായിരുന്നു ഇഷാന്തിന്റെ ഒരോവറില്‍ നാല് സിക്സറുകള്‍ അടക്കം ഫോക്നര്‍ 30 റണ്‍സടിച്ചത്.29 പന്തില്‍ 64 റണ്‍സെടുത്ത ഫോക്നറുടെ മികവില്‍ മത്സരം ഓസീസ് ജയിക്കുകയും ചെയ്തു. 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നാണ് ഓസീസ് ജയിച്ചുകയറിയത്. ഇതിനുശേഷം ഏകദിന ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ഇഷാന്തിന് പിന്നീടൊരിക്കലും ഏകദിന ടീമില്‍ സ്ഥിരം സാന്നിധ്യമാകാനായിട്ടില്ല. ആ മത്സരത്തിനുശേഷം ഞാനെന്റെ രാജ്യത്തെ ഒറ്റുകൊടുത്തതായി എനിക്കു തോന്നി. ആ മത്സരത്തിനുശേഷം രണ്ടാഴ്ചയോളം ഞാന്‍ കരഞ്ഞു. രണ്ട് മൂന്ന് ആഴ്ചയോളം ഞാന്‍ ആരോടും ഒന്നും സംസാരിക്കാറില്ലായിരുന്നു. ഞാന്‍ ഒരുപാട് കരഞ്ഞു. ഞാന്‍ പൊതുവെ മന:കരുത്തുള്ള വ്യക്തിയാണ്. എന്റെയത്ര മന:കരുത്തുള്ള ഒരു വ്യക്തിയെ കണ്ടിട്ടില്ലെന്നാണ് അമ്മ എപ്പോഴും പറയാറുള്ളത്. എന്നിട്ടും എനിക്ക് സങ്കടം അടക്കാനായില്ല.

ഞാനെന്റെ കാമുകിയെ ഫോണില്‍ വിളിച്ച് കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു. ആ മൂന്നാഴ്ച വലിയൊരു ദു:സ്വപ്നം പോലെയായിരുന്നു എനിക്ക്. ഞാന്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒന്നും ചെയ്യാനും കഴിയുന്നുണ്ടായിരുന്നില്ല. ടിവി തുറന്നാല്‍ എന്നെ വിമര്‍ശിക്കുന്നത് മാത്രമാണ് കേട്ടുകൊണ്ടിരുന്നത്. അതെന്നെ കൂടുതല്‍ തളര്‍ത്തി. ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ ചിരി വരും. അന്നത്തെ അനുഭവം ഒരു കണക്കിന് നന്നായി. കാരണം ചിലപ്പോ വലിയൊരു തിരിച്ചടി കിട്ടിയാലെ നിങ്ങളെ ജീവിതത്തില്‍ ആവേശം കൊള്ളിക്കുന്നത് എന്താണെന്ന് തിരിച്ചറിയാനാവു.

ഫോക്നറുടെ പ്രഹരത്തിനുശേഷം എന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്താന്‍ ഞാന്‍ തയാറായി. 2013നുശേഷം ഞാന്‍ കാര്യങ്ങളെ കുറച്ചുകൂടി ഗൗരവത്തോടെ സമീപിക്കാന്‍ ഞാന്‍ തുടങ്ങി. അതിന് മുമ്പൊക്കെ മോശം പ്രകടനം നടത്തിയാലും ആളുകള്‍ എന്റെ അടുത്തു വന്ന് പറയും, സാരമില്ല, കളിയില്‍ ഇതൊക്കെ സംഭവിക്കും. എന്നാല്‍ അതിനുശേഷം എന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഞാന്‍ തന്നെ ഏറ്റെടുക്കാന്‍ തുടങ്ങി. അങ്ങനെ ചെയ്യുമ്പോള്‍ ഓരോ മത്സരവും ജയിക്കാന്‍ വേണ്ടി മാത്രമാകും നിങ്ങള്‍ കളിക്കുന്നത്-ഇഷാന്ത് പറഞ്ഞു.