ബെര്‍മിങ്ഹാം: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിവസം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 146 റണ്‍സ് ലീഡായി. നാല് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തിട്ടുണ്ട് സന്ദര്‍ശകര്‍. തുടര്‍ച്ചയായ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടിയ സ്റ്റീവന്‍ സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. സ്മിത്ത് (103), മാത്യു വെയ്ഡ് (15) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സിലും സ്മിത്ത് സെഞ്ചുറി നേടിയിരുന്നു. 

നാലാം ദിനം മൂന്നിന് 124 എന്ന നിലയിലാണ് ഓസീസ് ബാറ്റിങ് ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന സ്മിത്തും ട്രാവിസ് ഹെഡും ഓസീസിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹെഡിനെ പുറത്താക്കി ബെന്‍ സ്‌റ്റോക്‌സ് നാലാം ദിവസത്തെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. എന്നാല്‍ സ്മിത്തിന്റെ ഇന്നിങ്‌സ് കുറച്ചൊന്നുമല്ല ഓസീസിന് പ്രതീക്ഷ നല്‍കുന്നത്. അല്‍പം വേഗത്തില്‍ ബാറ്റ് വീശി ലഭിക്കാവുന്ന അത്രയും ലീഡുണ്ടാക്കി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് ഇറക്കുകയായിരിക്കും ഓസീസിന്റെ ലക്ഷ്യം.  

ഇംഗ്ലണ്ടിനായി ബെന്‍ സ്‌റ്റോക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി. മൊയീന്‍ അലിക്കും സ്റ്റുവര്‍ട്ട് ബ്രോഡിനും ഓരോ വിക്കറ്റുണ്ട്. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 374 അവസാനിച്ചിരുന്നു. 90 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാന്‍ സാധിച്ചിരുന്നത്.