ബ്രിസ്‌ബേന്‍: പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആതിഥേയര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുത്തിട്ടുണ്ട്. 72 റണ്‍സിന്റെ ലീഡാണ് ഓസീസിനുള്ളത്. ഡേവിഡ് വാര്‍ണറുടെ (പുറത്താവാതെ 151) സെഞ്ചുറിയാണ് ഓസീസിന് തകര്‍പ്പന്‍ തുടക്കം നല്‍കിയത്. വാര്‍ണര്‍ക്ക് പുറമെ ജോണ്‍ ബേണ്‍സ് (97), മര്‍നസ് ലബുഷാഗ്നെ (പുറത്താവാതെ 55) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

പത്ത് ബൗണ്ടറി ഉള്‍പ്പെടെയാണ് വാര്‍ണര്‍ ഇത്രയും റണ്‍സെടുത്തത്. ബേണ്‍സാവട്ടെ സെഞ്ചുറിക്ക് മൂന്ന് റണ്‍സ് അകലെവച്ച് പുറത്തായി. ഇരുവരും ഒന്നാം വിക്കറ്റില്‍ 222 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയ ലബുഷാഗ്നെയും പാക് ബൗളര്‍മാരെ നല്ല രീതിയില്‍ നേരിട്ടു. ഇരുവരും 90 റണ്‍സാണ് ഇതുവരെ കൂട്ടിച്ചേര്‍ത്തത്. പാകിസ്ഥാന് വേണ്ടി യാസിര്‍ ഷായാണ് ഒരു വിക്കറ്റ് വീഴ്ത്തി.

പാകിസ്ഥാന്‍ ടെസ്റ്റിന്റെ ഒന്നാംദിനം 240ന് പുറത്തായിരുന്നു. ആസാദ് ഷഫീഖാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തി.