രണ്ടാം ഏകദിനത്തിൽ 84 റൺസിന് ജയിച്ച ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കി.
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. രണ്ടാം ഏകദിനത്തില്‍ 84 റണ്‍സിന് ജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനവും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 49.1 ഓവറില്‍ 277 റണ്‍സാണ് നേടിയത്. മാത്യൂ ബ്രീറ്റ്‌സ്‌കെ 88 റണ്‍സെടുത്തു. ഓസീസിന് വേണ്ടി ആഡം സാംപ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 37.4 ഓവറില്‍ 193ന് പുറത്തായി. ജോഷ് ഇന്‍ഗ്ലിസ് 87 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗി എന്‍ഗിഡി അഞ്ച് വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമായിരുന്നു ഓസീസിന്. 38 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം ഓവറില്‍ തന്നെ ട്രാവിസ് ഹെഡ് (6) മടങ്ങി. നന്ദ്രേ ബര്‍ഗറിനായിരുന്നു വിക്കറ്റ്. മൂന്നാമനായി ക്രീസിലെത്തിയ മര്‍നസ് ലബുഷെയ്‌ന് അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. ഒരു റണ്ണെടുത്ത താരത്തെ എന്‍ഗിഡി വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കിള്‍ട്ടണിന്റെ കൈകളിലെത്തിച്ചു. പിന്നാലെ മിച്ചല്‍ മാര്‍ഷും (18) മടങ്ങി. ഇത്തവ വിയാന്‍ മള്‍ഡറാണ് വിക്കറ്റെടുത്തത്. അഞ്ചാം വിക്കറ്റില്‍ കാമറൂണ്‍ ഗ്രീന്‍ (35) - ഇന്‍ഗ്ലിസ് സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 23-ാം ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ ലഭിച്ചു. ഗ്രീന്‍, സെനുരാന്‍ മുത്തുസാമിക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി.
തുടര്‍ന്ന് ഓസീസ് കൂട്ടത്തകര്‍ച്ച നേരിട്ടു. അലക്‌സ് ക്യാരി (13), ആരോണ്‍ ഹാര്‍ഡി (10), സേവ്യര്‍ ബാര്‍ലെറ്റ് (8), നതാന്‍ എല്ലിസ് (3), ആഡം സാംപ (3) എന്നിവര്‍ വന്നത് പോലെ മടങ്ങി. ഇതിനിടെ ഇന്‍ഗ്ലിസിനെ, എന്‍ഡിഗി തിരിച്ചയച്ചിരുന്നു. 74 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും 10 ഫോറും നേടി. ജോഷ് ഹേസല്‍വുഡ് (3) പുറത്താവാതെ നിന്നു. നേരത്തെ, ദക്ഷിണാഫ്രിക്കയുടെ തുടക്കവും നന്നായിരുന്നില്ല. ആദ്യ ആറ് ഓവറുകള്‍ക്കിടെ റിക്കിള്‍ട്ടണ്‍ (8), എയ്ഡന്‍ മാര്‍ക്രം (0) എന്നിവര്‍ മടങ്ങി. ബാര്‍ലെറ്റിനായിരുന്നു രണ്ട് വിക്കറ്റുകളളും. പിന്നാലെ ടോണി ഡി സോര്‍സി (38) - ബ്രീറ്റ്‌സ്‌കെ സഖ്യം 77 റണ്‍സ് കൂട്ടിചേര്‍ത്തു.
സോര്‍സിയെ മടക്കി സാംപയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (74) - ബ്രീറ്റ്‌സ്‌കെ സഖ്യം ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 89 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രീറ്റ്‌സ്‌കെ മടങ്ങിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് സ്റ്റബ്‌സ് ദക്ഷിണാഫ്രിക്കയെ രക്ഷപ്പെടുത്തുകയായിരുന്നു. ബ്രീറ്റ്‌സ്‌കെയുടെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും എട്ട് ഫോറുമുണ്ടായിരുന്നു. ഡിവാള്‍ഡ് ബ്രേവിസ് (1), മള്‍ഡര്‍ (26), മുത്തുസാമി (4), ബര്‍ഗര്‍ (8), എന്‍ഗിഡി (1) എന്നിവരുടെ വിക്കറ്റുകളും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. 87 പന്തുകള്‍ നേരിട്ട സ്റ്റബ്‌സ് ഒരു സിക്‌സും മൂന്ന് ഫോറും നേടി. സാംപയ്ക്ക് പുറമെ ലബുഷെയ്ന്‍, എല്ലിസ്, ബാര്‍ലെറ്റ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

