ദീര്‍ഘകാലത്തേക്ക് ആര്‍ക്കും പെര്‍ഫെക്‌ടായി തുടരാനാവില്ല. വിരാട് കോലിയൊരു ഇതിഹാസമാണ്
ദോഹ: വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ ബാറ്റ് കൊണ്ട് മറുപടി പറഞ്ഞ താരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി. അതിനാല്‍ തന്നെ കോലിയെ റണ്‍ കണ്ടെത്താത്തതിന്‍റെ പേരില്‍ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല എന്നാണ് ലങ്കന്‍ മുന്‍ താരം ഇസുരു ഉഡാന പറയുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ സഹതാരങ്ങളായിരുന്നു ഇരുവരും. ഇപ്പോള്‍ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ഉഡാന.
'ദീര്‍ഘകാലത്തേക്ക് ആര്‍ക്കും പെര്‍ഫെക്‌ടായി തുടരാനാവില്ല. വിരാട് കോലിയൊരു ഇതിഹാസമാണ്. അത് നമുക്ക് എല്ലാവര്‍ക്കും അറിയാം. എല്ലാവരും കരിയറിന്‍റെ ഒരു ഘട്ടത്തില്‍ പരാജയം നേരിടും. എന്നാലും കോലി ഇപ്പോഴും ഏറ്റവും മികച്ച താരമാണ്. ആര്‍സിബി ഡ്രസിംഗ് റൂമില്‍ വിരാട് കോലിയെയും എ ബി ഡിവില്ലിയേഴ്‌സിനേയും കണ്ടുമുട്ടിയത് വലിയ അനുഭവമാണ്. എബിഡി എന്‍റെ ഹീറോയാണ്. അവര്‍ക്കൊപ്പം കളിക്കാനായത് വലിയ അനുഭവമാണ്. ആര്‍സിബി ഡ്രസിംഗ് റൂമില്‍ ആദ്യമായി കോലിയെ കണ്ടുമുട്ടിയ അനുഭവം മനോഹരമായിരുന്നു' എന്നും ഉഡാന പറഞ്ഞു. 2020 ഐപിഎല്‍ സീസണിലായിരുന്നു ഉഡാന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കളിച്ചത്. പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ അഭാവം ഇന്ത്യന്‍ ടീമിന്‍റെ സന്തുലിതാവസ്ഥ താറുമാറാക്കി. ബുമ്രയുടെ അഭാവം ടീമില്‍ പ്രകടമാണ് എന്നും ഇസുരു ഉഡാന പറഞ്ഞു.
ട്വന്‍റി 20 സ്ക്വാഡില്‍ സ്ഥാനം വലിയ ചോദ്യചിഹ്നമായ സമയത്താണ് ഏഷ്യാ കപ്പില്‍ സെഞ്ചുറി നേടി കോലി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ഇതിന് ശേഷം ട്വന്‍റി 20 ലോകകപ്പിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി. 296 റണ്‍സാണ് കോലി ലോകകപ്പില്‍ നേടിയത്. പിന്നാലെ ഏകദിന സെഞ്ചുറികളും കോലിയുടെ ബാറ്റില്‍ പിറന്നു. അഹമ്മദാബാദില്‍ ഓസീസിനെതിരെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ സെഞ്ചുറി നേടി. രാജ്യാന്തര ക്രിക്കറ്റില്‍ 25000 റണ്‍സും 75 സെഞ്ചുറിയും കോലി അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് താരം.
അജിത്ത്, സച്ചിന്‍റെ പിന്നിലെ ഹീറോ; പക്ഷേ അവര്‍ ഏറ്റുമുട്ടി! അങ്ങനെയൊരു മത്സരമുണ്ട്
