9.75 കോടിക്ക് സ്വന്തമാക്കിയ അശ്വിനെയും 1.2 കോടിക്ക് സ്വന്തമാക്കിയ വിജയ് ശങ്കറെയും രാജസ്ഥാന് കൈമാറിയാലും സഞ്ജുവിന് രാജസ്ഥാന്‍ നല്‍കുന്ന 18 കോടി രൂപയില്‍ ബാക്കി തുക ചെന്നൈ പണമായി നല്‍കേണ്ടിവരും.
ബെംഗളൂരു: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസന്‍റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിച്ച് മുന്‍ താരം റോബിന്‍ ഉത്തപ്പ. സഞ്ജുവിനെ ട്രേഡിലൂടെ കൈമാറണമെങ്കില്‍ രണ്ട് താരങ്ങളെ പകരം ചെന്നൈ നല്‍കണമെന്ന് രാജസ്ഥാന്‍ റോയല്‍സ് നിര്‍ദേശം മുന്നോട്ടുവെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ സീസണില്‍ 9.75 കോടിക്ക് ചെന്നൈ സ്വന്തമാക്കിയ അശ്വിന്‍ ടീം വിടുന്നതിനെക്കുറിച്ച് സൂതന നല്‍കിയത്.
ഈ പശ്ചാത്തലത്തില്‍ അശ്വിനൊപ്പം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറെ കൂടി രാജസ്ഥാന് കൈമാറിയിയാല്‍ രാജസ്ഥാന്‍ സഞ്ജുവിനെ ട്രേഡിലൂട റിലീസ് ചെയ്യാന്‍ തയാറാവുമെന്നാണ് കരുതുന്നതെന്ന് ഉത്തപ്പ പറഞ്ഞു. 9.75 കോടിക്ക് സ്വന്തമാക്കിയ അശ്വിനെയും 1.2 കോടിക്ക് സ്വന്തമാക്കിയ വിജയ് ശങ്കറെയും രാജസ്ഥാന് കൈമാറിയാലും സഞ്ജുവിന് രാജസ്ഥാന്‍ നല്‍കുന്ന 18 കോടി രൂപയില്‍ ബാക്കി തുക ചെന്നൈ പണമായി നല്‍കേണ്ടിവരും.
സഞ്ജു ടീമിലെത്തിയാല്‍ എം എസ് ധോണിയുടെ പറ്റിയ പകരക്കാരാനായിരിക്കുമെന്നും ഉത്തപ്പ പറഞ്ഞു. സഞ്ജുവിനെ സ്വന്തമാക്കുന്നില്ലെങ്കില്‍ ഡെവോണ്‍ കോണ്‍വെയെ വിക്കറ്റ് കീപ്പറാക്കി രണ്ട് സീസണ്‍ കൂടി ചെന്നൈ തുടരേണ്ടിവരും. രാജസ്ഥാനില്‍ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവന്‍ഷിയും ഓപ്പണര്‍മാരായി സ്ഥാനം ഉറപ്പിക്കുകയും റിയാന്‍ പരാഗ് മൂന്നാം നമ്പറിലിറങ്ങുകയും ചെയ്താല്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്ന സഞ്ജു രാജസ്ഥാനില്‍ നാലാം നമ്പറിലേക്ക് മാറേണ്ടിവരും. ഇതാവാം സഞ്ജു ടീം വിടാന്‍ ആലോചിക്കാനുള്ള ഒരു കാരണം. സഞ്ജുവിന് രാജസ്ഥാനില്‍ തുടരാന്‍ ആഗ്രഹമില്ലെങ്കില്‍ പിന്നെ രാജസ്ഥാന്‍ നിര്‍ബന്ധിച്ച് പിടിച്ചു നിര്‍ത്തേണ്ട കാര്യമില്ലെന്നും ഉത്തപ്പ പറഞ്ഞു.
സഞ്ജുവിന് പകരം ചെന്നൈ കൈമാറണമെന്ന് ഉത്തപ്പ നിര്‍ദേശിച്ച വിജയ് ശങ്കര്‍ 2019 ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച താരമാണ്. രാജസ്ഥാന്‍റെ ബാറ്റിംഗ് നിരയില്‍ ഫിനിഷറായി കളിപ്പിക്കാവുന്ന താരമാണ് വിജയ് ശങ്കറെന്നും നിലവില്‍ ഷിമ്രോണ്‍ ഹെറ്റ്മെയറല്ലാതെ അവര്‍ക്ക് മറ്റൊരു ഫിനിഷറില്ലെന്നും ഉത്തപ്പ പറഞ്ഞു. അശ്വിനും വിജയ് ശങ്കറും കൂടിയാകുന്നതോടെ രാജസ്ഥാന്‍ ബാറ്റിംഗ് നിരക്ക് ആഴം കൂടുമെന്നും വിജയ് ശങ്കറെപ്പോലെ ഓള്‍ റൗണ്ടറായ സാം കറനെയും സഞ്ജുവിന് പകരം രാജസ്ഥാന് കൈമാറുന്ന കാര്യം ആലോചിക്കാവുന്നതാണെന്നും മുന്‍ ചെന്നൈ താരം കൂടിയായ ഉത്തപ്പ വ്യക്തമാക്കി.


