ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ദുലീപ് ട്രോഫിയിൽ കളിക്കാൻ തയ്യാറായതിനെ പ്രശംസിച്ച് മുൻ താരം സുനിൽ ഗവാസ്കർ. 

മുംബൈ: കഴിഞ്ഞ വര്‍ഷം ഇന്ത്യൻ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെയാണ് ഇന്ത്യക്കായി മത്സരങ്ങളില്ലാത്തപ്പോള്‍ കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിബന്ധന ബിസിസിഐ കര്‍ശനമാക്കിയത്. തുടര്‍ന്ന് വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം ഓരോ രഞ്ജി മത്സരങ്ങളില്‍ വീതം കളിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങളെ വാര്‍ഷിക കരാറിനായി പരിഗണിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ഇന്ത്യൻ താരങ്ങളെയെല്ലാം ആഭ്യന്തര സീസണ് തുടക്കമിടുന്ന ദുലീപ് ട്രോഫിക്കുള്ള ടീമിലും ഉള്‍പ്പെടുത്തിയ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് മുന്‍ താരം സുനില്‍ ഗവാസ്കര്‍ ഇപ്പോള്‍.

 പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍ 754 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ. വലിയ താരമായാല്‍ പലരും ആഭ്യന്തര ക്രിക്കറ്റിനെ മറക്കുന്നതാണ് പതിവെന്നും എന്നാല്‍ ദുലീപ് ട്രോഫി കളിക്കാന്‍ തയാറയതിലൂടെ ഗില്‍ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും ഗവാസ്കര്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര റദ്ദായതോടെ കിട്ടിയ ഇടവേളയില്‍ ശ്രീലങ്കയിലേക്ക് വൈറ്റ് ബോള്‍ സീരീസ് കളിക്കാനായി ടീമിനെ അയക്കാന്‍ ബിസിസിഐക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പിന് മുമ്പ് ലഭിച്ച ഇടവേളയില്‍ സീനിയര്‍ താരങ്ങളെയടക്കം ദുലീപ് ട്രോഫിയില്‍ കളിപ്പിക്കാനുള്ള ബിസിസിഐ തീരുമാനം സ്വാഗതാര്‍ഹമാണ്.

നോര്‍ത്ത് സോണ്‍ നായകനായി ശുഭ്മാന്‍ ഗില്‍ തന്നെ എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ തയാറായതോടെ ഗില്‍ മറ്റ് ടീം അംഗങ്ങള്‍ക്കും മാതൃക സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരെ ആറാഴ്ചയോളം നീണ്ട കടുത്ത പരമ്പര കഴിഞ്ഞെത്തുന്ന ഇന്ത്യൻ ടീം അംഗങ്ങള്‍ വിശ്രമം എടുത്താലും അവരെ കുറ്റം പറയാൻ പറ്റില്ലായിരുന്നു. പ്രത്യേകിച്ച് പേസ് ബൗളര്‍മാര്‍. ഇംഗ്ലണ്ടിലെ കടുത്ത വേനലില്‍ എറിഞ്ഞു തളര്‍ന്നാണ് അവര്‍ വരുന്നത്. എന്നിട്ടും പലരും ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ തയാറായാവുന്നുവെന്നത് നല്ല സൂചനയാണെന്നും ഗവാസ്കര്‍ പറഞ്ഞു. ഈ മാസം 28ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിക്ക് പിന്നാലെ അടുത്ത മാസം ഏഷ്യാ കപ്പിലാണ് ഇനി ഇന്ത്യൻ ടീം മത്സരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക