നിലവില്‍ രോഹിത് ശര്‍മയാണ് (Rohit Sharma) ടീമിന്റെ വൈസ് ക്യാപ്റ്റന്‍. മറ്റു രണ്ട് ഫോര്‍മാറ്റിലും രോഹിത് തന്നെയാണ് ക്യാപ്റ്റന്‍. അതുകൊണ്ടുതന്നെ രോഹിത് തന്നെയാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവാന്‍ സാധ്യത.

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനാരായിരിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ പരാജയത്തിന് ശേഷം വിരാട് കോലി (Virat Kohli) ടെസ്റ്റ് ടീം നായകസ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. നിലവില്‍ രോഹിത് ശര്‍മയാണ് (Rohit Sharma) ടീമിന്റെ വൈസ് ക്യാപ്റ്റന്‍. മറ്റു രണ്ട് ഫോര്‍മാറ്റിലും രോഹിത് തന്നെയാണ് ക്യാപ്റ്റന്‍. അതുകൊണ്ടുതന്നെ രോഹിത് തന്നെയാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവാന്‍ സാധ്യത.

കെ എല്‍ രാഹുല്‍ (KL Rahul), റിഷഭ് പന്ത് (Rishabh Pant) എന്നിവരുടെ പേരുകളും നായകസ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. മുന്‍ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെ നിര്‍ദേശിക്കുന്നത് രാഹുലിന്റെ പേരാണ്. അതിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്. ''ദീര്‍ഘനാളത്തേക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള താരമാണ് ടീമിന്റെ ക്യാപ്റ്റനാവേണ്ടത്. അതുകൊണ്ടുതന്നെ ഞാന്‍ നിര്‍ദേശിക്കുന്നത് രാഹുലിന്റെ പേരാണ്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും സ്ഥിരമായി കളിക്കുന്ന താരമാണ് രാഹുല്‍. നായകസ്ഥാനം ഏറ്റെടുക്കാന്‍ യോഗ്യനായ താരം രാഹുല്‍ തന്നെയാണ്.'' ജഗ്ദലെ പറഞ്ഞു.

കോലിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കോലി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവന ഒരാള്‍ക്കും വിസ്മരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കോലിക്ക് കീഴില്‍ ഇന്ത്യ 68 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഇതില്‍ 40ലും ജയിക്കാന്‍ സാധിച്ചു. നേരത്തെ, ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്ന് കോലി പിന്മാറിയിരുന്നു. പിന്നാലെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബിസിസിഐ കോലിയെ നീക്കി.

2014ലാണ് കോലി ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. എം എസ് ധോണിക്ക് പകരമാണ് കോലി വരുന്നത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെയായിരുന്നു കോലി ക്യാപ്റ്റനാകുന്നത്.