സഞ്ജുവിനോട് വീണ്ടും സെലക്ടര്‍മാര്‍ നീതികേട് കാട്ടിയിരിക്കുന്നു. സഞ്ജു ഏകദിന ടീമില്‍ ഇടം അര്‍ഹിച്ചിരുന്നു. ഓരോ തവണയും അവന്‍റെ സ്ഥാനം മാറ്റുന്നതിന് ഓരോ കാരണങ്ങളാണ് ടീം മാനേജ്മെന്‍റ് പറയുന്നത്.
ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളി താരം പരിഗണിക്കാതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാല്‍ കെ എല്‍ രാഹുലിന്‍റെ ബാക്ക് അപ്പ് ആയി ഓസ്ട്രേലിയന്‍ പര്യടനത്തില്‍ സഞ്ജു സാംസണെ പരിഗണിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സഞ്ജുവിന് പകരം ധ്രുവ് ജുറെലിനെയാണ് സെലക്ടര്‍മാര്‍ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയത്.
2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിനെ വീണ്ടും ഏകദിന ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെയാണ് ശ്രീകാന്ത് ചോദ്യം ചെയ്തത്. ധ്രുവ് ജുറെലിനെക്കാള്‍ സഞ്ജുവിനായിരുന്നു ആദ്യ പരിഗണന നല്‍കേണ്ടിയിരുന്നതെന്ന് ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു.
സഞ്ജുവിനോട് വീണ്ടും സെലക്ടര്‍മാര്‍ നീതികേട് കാട്ടിയിരിക്കുന്നു. സഞ്ജു ഏകദിന ടീമില്‍ ഇടം അര്‍ഹിച്ചിരുന്നു. കാരണം അവസാനം കളിച്ച മത്സരത്തില്‍ അവന്‍ സെഞ്ചുറി അടിച്ചിട്ടുണ്ട്. ഓരോ തവണയും അവന്‍റെ സ്ഥാനം മാറ്റുന്നതിന് ഓരോ കാരണങ്ങളാണ് ടീം മാനേജ്മെന്‍റ് പറയുന്നത്. ചിലപ്പോൾ അവനെ ഓപ്പണറാക്കും, ചിലപ്പോള്‍ അഞ്ചാം നമ്പറിലേക്ക് ഇറക്കും. ഇനി മറ്റു ചിലപ്പോള്‍ ഏഴാമനോ എട്ടാമനോ ആക്കും. ഒരാഴ്ച മുമ്പ് അവനെ അഞ്ചാം നമ്പറില്‍ പരീക്ഷിക്കുമെന്ന് ഈ സെലക്ടര്‍മാര്‍ തന്നെയാണ് പറഞ്ഞത്. ഈ ധ്രുവ് ജുറെല്‍ എങ്ങനെയാണ് പെട്ടെന്ന് കയറിവന്നതെന്ന് മനസിലാവുന്നില്ല.ഓസ്ട്രേലിയയില്‍ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചാലും ഇല്ലെങ്കിലും സഞ്ജുവിനായിരുന്നു ആദ്യ പരിഗണന നല്‍കേണ്ടിയിരുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.
ഹര്‍ഷിത് റാണ മാത്രമാണ് ഈ ടീമില്‍ സ്ഥിരമായി ഇടം കിട്ടുന്ന താരമെന്നും എന്തുകൊണ്ടാണ് ഹര്‍ഷിതിന് മാത്രം സ്ഥിരമായി ഇടം ലഭിക്കുന്നത് എന്ന് അറിയില്ലെന്നും ശ്രീകാന്ത് പറഞ്ഞു. ബാറ്റിംഗ് ഓര്‍ഡര്‍ കാരണമാണ് സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിക്കാത്തത് എന്നായിരുന്നു ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഇന്നലെ പറഞ്ഞത്. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നും ടോപ് ഓര്‍ഡറില്‍ ഇടമില്ലാത്തതിനാലാണ് സഞ്ജുവിനെ പരിഗണിക്കാതിരുന്നതെന്നും അഗാര്‍ക്കര്‍ പറഞ്ഞിരുന്നു.


