ദില്ലി: ലോക്ക് ഡൌണ്‍ ഗുണമായി, വീട്ടിലിരുന്ന് ഹിമാലയം കാണാം ചിത്രവുമായി ഹര്‍ഭജന്‍ സിംഗ്. നിരത്തുകളില്‍ നിന്ന് വാഹനങ്ങള്‍ ഒഴിവായതും ഫാക്ടറികളിലെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തതോടെ അന്തരീക്ഷ മലിനീകരണം കുറഞ്ഞു. ഇതോടെയാണ് ജലന്ധറില്‍ നിന്ന് ഹിമാലയത്തിന്‍റെ ഭാഗമായ ദൌലാധര്‍ പര്‍വ്വത നിരകള്‍ ദൃശ്യമായത്.

മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്  ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയുെ ചെയ്തതോടെ നിരവധി പേരാണ് സമാനരീതിയിലുള്ള ചിത്രങ്ങളുമായി എത്തുന്നത്. ജലന്ധറില്‍ നിന്ന് ഇത്തരമൊരു ദൃശ്യം കാണാന്‍ സാധിക്കുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ല. മലിനീകരണത്തിലൂടെ നമ്മള്‍  ഭൂമിയോട് ചെയ്തതിന്‍റെ വ്യക്തമായ തെളിവാണ് കാണുന്നതെന്ന് ഹര്‍ഭജന്‍ സിംഗ് ട്വീറ്റില്‍ കുറിക്കുന്നു.

ഏതായാലും ആളുകള്‍ പുറത്തിറങ്ങാതായതോടെ പ്രകൃതിയില്‍ മറ്റ് ജീവജാലങ്ങളും പ്രകൃതി തന്നെയും ഒന്ന് ശ്വാസം വലിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് മിക്കവരും ട്വീറ്റിന് നല്‍കുന്ന പ്രതികരണം.

ഇന്ത്യൻ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നായ ലുധിയാന ഈ മാർച്ച് 23 -ന് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായിരുന്നു. ഇതും കാണിക്കുന്നത് അന്തരീക്ഷമലിനീകരണം എത്രത്തോളം കുറഞ്ഞിരിക്കുന്നു എന്നതാണ്.