ലീഡ്‌സില്‍ ഇന്ത്യക്കെതിരെ ആദ്യ ടെസറ്റില്‍ ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായ ബെന്‍ ഡക്കറ്റിനെ വിരേന്ദര്‍ സെവാഗുമായി താരതമ്യം ചെയ്ത് മുന്‍ താരം ഡേവിഡ് ലോയ്ഡ്. 

ലണ്ടന്‍: ലീഡ്‌സില്‍ ഇന്ത്യക്കെതിരെ ആദ്യ ടെസറ്റില്‍ ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായ ബെന്‍ ഡക്കറ്റിനെ വിരേന്ദര്‍ സെവാഗുമായി താരതമ്യം ചെയ്ത് മുന്‍ താരം ഡേവിഡ് ലോയ്ഡ്. ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 149 റണ്‍സ് നേടിയ ഡക്കറ്റ്, ആദ്യ ഇന്നിംഗ്‌സില്‍ 62 റണ്‍സും നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ സാക്ക് ക്രാളിയുമായി ചേര്‍ന്ന് 188 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടും അദ്ദേഹം കെട്ടിപ്പടുത്തു. ഇത് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. പിന്നാലെയാണ് താരത്തെ സെവാഗുമായി താരതമ്യം ചെയ്തത്.

ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഒരിക്കല്‍ ഇംഗ്ലീഷ് ബൗളര്‍മാരോട് ചെയ്തതിന് സമാനമാണ് ഡക്കറ്റ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ''ബെന്‍ ഡക്കറ്റ് ഒരുപാട് മുന്നോട്ട് പോയി. വീരേന്ദര്‍ സെവാഗിനെ പോലെ ഇംഗ്ലണ്ടിന് ഒരു ബാറ്ററെ ലഭിച്ചു. ലോക ഇലവനില്‍ ബാറ്റിംഗ് ഓപ്പണറാണ് അദ്ദേഹം ഇപ്പോള്‍. റിവേഴ്സ് സ്വീപ്പ് അദ്ദേഹത്തിന്റെ സ്വാഭാവികമായ ഒരു ഷോട്ടാണ്. അദ്ദേഹം അത് മനോഹരമായിട്ടാണ് കളിക്കുന്നത്. സ്‌കൂളില്‍ അദ്ദേഹം ഒരു നല്ല ഹോക്കി കളിക്കാരനായിരുന്നു. അതുകൊണ്ടാണ് ഡക്കറ്റിന് ഇത്തരത്തില്‍ ഷോട്ടുകള്‍ കളിക്കുന്നത്.'' ലോയ്ഡ് വ്യക്തമാക്കി.

ഭയമില്ലാത്ത ബാറ്റിംഗ് ശൈലിയിലൂടെയാണ് സെവാഗ് അറിയപ്പെടുന്നത്. പ്രത്യേകിച്ച് ഇംഗ്ലണ്ടിനെതിരെ. 2008-ല്‍ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 68 പന്തില്‍ നിന്ന് 86 റണ്‍സ് നേടിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ ഇന്നിംഗ്സുകളില്‍ ഒന്ന്. ഇത് ഇന്ത്യയെ 387 റണ്‍സ് പിന്തുടരാന്‍ സഹായിച്ചു. ഇംഗ്ലണ്ടിനെതിരെ 17 ടെസ്റ്റുകളില്‍ നിന്ന് 75.39 സ്‌ട്രൈക്ക് റേറ്റില്‍ 821 റണ്‍സ് നേടിയ സെവാഗ് രണ്ട് സെഞ്ച്വറികളും നാല് അര്‍ദ്ധ സെഞ്ച്വറികളും നേടി. ലീഡ്‌സില്‍ ഇന്ത്യയ്ക്കെതിരായ വിജയത്തില്‍ ഇംഗ്ലണ്ട് ശ്രദ്ധയോടെ കളിച്ചു. മത്സരത്തിലുടനീളം അവര്‍ നിര്‍ഭയവും സമര്‍ത്ഥവുമായ സമീപനം പ്രകടിപ്പിച്ചു.

ജസ്പ്രിത് ബുമ്രയ്ക്കെതിരെ കളിച്ചപ്പോള്‍ ബെന്‍ ഡക്കറ്റിന്റെ ശരീര ഭാഷയില്‍ ആത്മവിശ്വാസം പ്രകടമായിരുന്നു. ഇതുവരെ 34 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഡക്കറ്റ്, 43.68 ശരാശരിയില്‍ 2621 റണ്‍സ് നേടി. അടുത്ത മാസം രണ്ടിന് എഡ്ജ്ബാസ്റ്ററണിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

YouTube video player