രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടി20യില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു.

രാജ്‌കോട്ട്: മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സമയമാണിത്. ഇംഗ്ലണ്ടിനെതിരെ ടി20- പരമ്പരയില്‍ മോശം പ്രകടനം തുടരുകയാണ് സഞ്ജു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 34 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. എല്ലാ മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ വേഗത്തിന് മുന്നില്‍ കീടങ്ങുകയായിരുന്നു. 145+ വേഗത്തിലുള്ള പന്തുകളില്‍ പുള്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ചാണ് സഞ്ജു മടങ്ങുന്ന്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടി20യില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ 26 റണ്‍സ് നേടിയ സഞ്ജു, ചെന്നൈയില്‍ രണ്ടാം ടി20യില്‍ അഞ്ച് റണ്‍സിനും പുറത്തായി.

ഇപ്പോള്‍ താരത്തിന്റെ ടെക്‌നിക്കിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അമ്പാട്ടി റായുഡു. സഞ്ജു, തന്റെ തന്റെ ടെക്‌നിക്ക് കാര്യമായി പരിശോധിക്കേണ്ട സമയമായെന്നാണ് റായുഡു പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സഞ്ജു സാംസണ്‍ തന്റെ ടെക്‌നിക്കില്‍ കാര്യമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ലെഗ് സൈഡിലേക്ക് നീങ്ങിയിട്ട് പുള്‍ ഷോട്ട് കളിക്കാന്‍ കഴിയില്ല. നിങ്ങള്‍ സ്വയം ഒരു വശത്തേക്ക് മാറി ഒരു പുള്‍ ഷോട്ടിന് ശ്രമിക്കുന്നു. ക്രീസില്‍ മാറി പുള്‍ ഷോട്ട് കളിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു കട്ട് ഷോട്ട് കളിക്കാനാണ് ശ്രമിക്കേണ്ടത്.'' റായുഡു സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

ജോസേട്ടനെ കുടുക്കി സഞ്ജു! ഗംഭീര ക്യാച്ചെടുത്തിട്ടും നോട്ടൗട്ട്‌, റിവ്യൂ എടുക്കാന്‍ നിര്‍ബന്ധിച്ച് പുറത്താക്കി

ഇതിനിടെ സഞ്ജുവിന് പിന്തുണയുമായി മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണ്‍ രംഗത്തെത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സഞ്ജു എന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. കഴിവുള്ള താരമാണ് സഞ്ജു. നന്നായി ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ ്അറിയാം. ക്രീസില്‍ ഉറച്ച് നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കും. സഞ്ജുവിനെതിരെ എന്തെങ്കിലും വിമര്‍ശനം ഉന്നയിക്കാന്‍ എനിക്കാവുന്നില്ല. ടോപ് ഓര്‍ഡറില്‍ താരങ്ങള്‍ റിസ്‌ക്കെടുത്ത് കളിക്കേണ്ടി വരും. ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും. സഞ്ജു തന്റെ യഥാര്‍ത്ഥ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെ ഞാന്‍ കരുതുന്നു.'' പീറ്റേഴ്‌സണ്‍ പറഞ്ഞു.

സഞ്ജു ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടി20യില്‍ ഇന്ത്യക്ക് 26 റണ്‍സിന്റെ തോല്‍വി. രാജ്കോട്ട്, നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനാണ് സാധിച്ചത്. 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറര്‍.