കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ സീസണിനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടിയാണ് തുടക്കത്തില്‍ തന്നെ കിട്ടിയത്. ഉപനായകന്‍ സുരേഷ് റെയ്‌ന ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ഹര്‍ഭജന്‍ സിംഗും ഈ സീസണിനില്ലെന്ന് പറഞ്ഞു. പരിചയസമ്പന്നനായ ഒരു സ്പിന്നര്‍ വിട്ടുനില്‍ക്കുന്നത് ധോണിയേയും സംഘത്തേയും കാര്യമായി ബാധിക്കും.

രണ്ട് താരങ്ങള്‍ക്കും പകരക്കാരെ കണ്ടെത്താനുള്ള നീക്കങ്ങളിലാണ് സിഎസ്‌കെ. റെയ്‌നയെ തിരിച്ചുവിളിക്കാനുള്ള സാധ്യതകളും തള്ളികളയാനാവില്ല. എന്നാല്‍ ഹര്‍ഭജന് പകരക്കാരനെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ്ദാസ് ഗുപ്ത. കേരളത്തിന്റെ രഞ്ജി താരം ജലജ് സക്‌സേനയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ദീപ്ദാസിന്റെ നിര്‍ദേശം.

ഓള്‍റൗണ്ടറായ സക്‌സേന ഐപിഎല്‍ ടീമില്‍ ഇടം അര്‍ഹിക്കുന്നുണ്ടെന്നാമണ് അദ്ദേഹം പറയുന്നത്. ''ചുവന്ന പന്തുകളില്‍ മാത്രമല്ല, വെള്ള പന്തുകളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരമാണ് സക്‌സേന. പരിചയസമ്പത്തുമുണ്ട്. ഹര്‍ഭജന് പകരം ചെന്നൈയ്ക്ക് സക്‌സേനയെ നോക്കാവുന്നതാണ്. അദ്ദേഹം ഐപിഎല്‍ ടീമില്‍ ഒരു സ്ഥാനം അര്‍ഹിക്കുന്നുണ്ട്.'' ദീപ്ദാസ് പറഞ്ഞുനിര്‍ത്തി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി കളിക്കുന്ന സക്‌സേന, കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു.