28 പന്തില്‍ 57 റണ്‍സാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ നേടിയത്. താരം പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഇന്ത്യയെ 200ന് അടുത്തുള്ള സ്‌കോറിലേക്ക് ഉയര്‍ത്തിയത് ശ്രേയസിന്റെ ഇന്നിംഗ്‌സായിരുന്നു.

ബംഗളൂരു : വിരാട് കോലിയുടെ (Virat Kohli) അഭാവത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ (IND vs SL) ആദ്യ ടി20യില്‍ മൂന്നാമതായി ബാറ്റ് ചെയ്യാനെത്തിയത് ശ്രേയസ് അയ്യരായിരുന്നു (Shreyas Iyer). അവസരം ശരിക്കും താരം മുതലാക്കുകയും ചെയ്തു. 28 പന്തില്‍ 57 റണ്‍സാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ നേടിയത്. താരം പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഇന്ത്യയെ 200ന് അടുത്തുള്ള സ്‌കോറിലേക്ക് ഉയര്‍ത്തിയത് ശ്രേയസിന്റെ ഇന്നിംഗ്‌സായിരുന്നു.

ശ്രേയസിന്റെ ഇന്നിംഗ്‌സില്‍ മുന്‍ ഇന്ത്യന്‍ താരവും ബാറ്റിംഗ് കോച്ചുമായിരുന്ന സഞ്ജയ് ബംഗാറിനും ഏറെ സന്തോഷം. കോലിക്ക് ബാക്ക്അപ്പ് ആയിട്ടാണ് അദ്ദേഹം ശ്രേയസിന കാണുന്നത്. ഇക്കാര്യം അദ്ദേഹം തുറന്നുപറയുകയും ചെയ്തു. ബംഗാറിന്റെ വാക്കുകള്‍... ''കരുത്തുറ്റ ബഞ്ച് സ്ട്രംഗ്ത്താണ് ഇന്ത്യക്കുള്ളത്. ലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ശ്രേയസ് ബാറ്റ് ചെയ്തത് കോലിയുടെ സ്ഥാനത്താണ്. അദ്ദേഹം ആ സ്ഥാനം നന്നായി കൈകാര്യ ചെയ്യുകയും ചെയ്തു. കോലിക്ക് പരിക്കേല്‍ക്കുമ്പോള്‍ കുറച്ച് മത്സരങ്ങളിലെങ്കിലും ശ്രേയസിനെ ആ സ്ഥാനത്ത് ഉപയോഗപ്പെടുത്താം. എനിക്ക് തോന്നുന്നത് മൂന്നാം നമ്പര്‍ ശ്രേയസിന് ചേര്‍ന്ന പൊസിഷന്‍ ആണെന്നാണ്. ടീം മാനേജ്‌മെന്റിനും അതേ താല്‍പര്യമാണുള്ളതെന്നും ഞാന്‍ കരുതുന്നു.'' ബംഗാര്‍ വ്യക്തമാക്കി.

നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. വിന്‍ഡീസിനെതിരെ അവസാന ടി20യിലും കോലി കളിച്ചിരുന്നില്ല. അന്നും പകരക്കാരനായി എത്തിയത് ശ്രേയസായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ശ്രേയസ് 16 പന്തില്‍ 25 റണ്‍സാണ് നേടിയത്. 

ലോകകപ്പിന് ടീമിനെയൊരുക്കുമ്പോള്‍ ടീം മാനേജ്‌മെന്റ് ആശയക്കുഴപ്പത്തിലാവാന്‍ സാധ്യതയേറെയാണ്. അയ്യരെ കൂടാതെ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരും മധ്യനിര താരങ്ങളാണ്. പോരാത്തതിന് സഞ്ജു സാംസണെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുമുണ്ട്. റിഷഭ് പന്തും മധ്യനിരയ്ക്ക് ശക്തി പകരാനുണ്ടാവും. 

പരിക്ക് മാറി കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തെ ഓപ്പണിംഗ് റോളില്‍ കളിപ്പിക്കാന്‍ സാധ്യതയേറെയാണ്. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷനെ എവിടെ കളിപ്പിക്കുമെന്ന ചോദ്യമുയരും.

62 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 53 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ ഇഷാന്‍ കിഷന്‍ (89), ശ്രേയസ് അയ്യര്‍ (57), രോഹിത് ശര്‍മ (44) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മത്സരത്തിലെ താരവും ഇഷാന്‍ ആയിരുന്നു. ശ്രേയസ് പുറത്താവാതെ നിന്നു. ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. 

ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെയും ടീം എന്ന നിലയില്‍ ഇന്ത്യയുടെയും തുടര്‍ച്ചയായ പത്താം ജയം. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 199-2, ശ്രീലങ്ക ഓവറില്‍ 20 ഓവറില്‍ 137-6. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ധര്‍മശാലയില്‍ നടക്കും.