ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം ശുഭ്മാന്‍ ഗില്ലിനെയും ഗൗതം ഗംഭീറിനെയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പ്രശംസിച്ചു.
കൊല്‍ക്കത്ത: ഓവലില്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് സൗരവ് ഗാംഗുലി. ടെസ്റ്റ് മത്സരത്തിന്റെ അവസാന ഇന്നിംഗ്‌സില്‍ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെതിരെ ആറ് റണ്‍സിനാണ് ഇന്ത്യ ജയിക്കുന്നത്. അതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിനെ വാഴ്ത്തി ഗാംഗുലി രംഗത്ത് വന്നത്. ഗില്ലിനെ മാത്രമല്ല കോച്ച് ഗൗതം ഗംഭീറിനെ കുറിച്ചും ഗാംഗുലി സംസാരിക്കുന്നുണ്ട്.
ഗാംഗുലിയുടെ വാക്കുകള്‍... ''ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീം മികച്ച രീതിയില്‍ കളിച്ചു. ഗില്ലിനും ഗൗതം ഗംഭീറിനും അഭിനന്ദനങ്ങള്‍. യുവ നിരയുമായിട്ടാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയത്. എന്നാല്‍ ഗംഭീര പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചു. ശുഭ്മാന്‍ ഗില്‍ മികച്ച ബാറ്റിംഗ് പ്രകടനം നടത്തി. 2002 അല്ലെങ്കില്‍ 2007ന് ശേഷം ഇംഗ്ലണ്ടില്‍ മികച്ച ആറ് ബാറ്റ്‌സ്മാന്‍മാര്‍ ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കെ എല്‍ രാഹുല്‍, ഗില്‍, യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ ഇവരെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവച്ചു.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിന്റെ ഘടന വളരെ മികച്ചതാണെന്നും ഇതിഹാസ താരങ്ങളുടെ പകരക്കാരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നുവെന്നും ഗാംഗുലി വ്യക്തമാക്കി. സുനില്‍ ഗാവസ്‌കര്‍ക്ക് പകരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പിന്നാലെ വിരാട് കോഹ്ലി, ശേഷം ശുഭ്മാന്‍ ഗില്‍ എന്നിങ്ങനെ പുതിയ താരങ്ങള്‍ വരുന്നുവെന്നും ഗാംഗുലി കൂട്ടിചേര്‍ത്തു.
മൂന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരാണ് ഇംഗ്ലണ്ടില്‍ 500 റണ്‍സ് തികച്ചത്. ഗില്‍, രാഹുല്‍, ആറാം നമ്പര്‍ ബാറ്റ്സ്മാന്‍ ജഡേജ എന്നിവരാണ് 500+ റണ്‍സ് നേടിയത്. പരിക്കുകള്‍ക്കിടയിലും റിഷഭ് പന്ത് നാല് മത്സരങ്ങളില്‍ നിന്ന് 479 റണ്‍സ് നേടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ഹോം പരമ്പരയാണ് ഇന്ത്യക്ക് ഇനി കളിക്കേണ്ടത്. നാട്ടിലാണ് പരമ്പരയെന്നുള്ളത് ഇന്ത്യക്ക് ഗുണം ചെയ്യും. നാട്ടില്‍ ഗില്ലിന് കീഴില്‍ കളിക്കുന്ന ആദ്യ പരമ്പര കൂടി ആയിരിക്കുമിത്.

