രാഹുലിനെ പിന്തുണച്ചാണ് ഗാംഗുലി രംഗത്തെത്തിയത്. റണ്‍സ് നേടിയില്ലെങ്കില്‍ വിമര്‍ശനം ഉറപ്പാണെന്നും ഇത് നേരിടുന്ന ആദ്യത്തെ താരമല്ല രാഹുലെന്നും ഗാംഗുലി പറഞ്ഞു.

കൊല്‍ക്കത്ത: നിലവില്‍ ടീം ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ മോശം ഫോമാണ്. തുടരെ പരാജയപ്പെടുന്ന രാഹുലിന് വീണ്ടും അവസരം കൊടുക്കുന്നതില്‍ ആരാധകരും കട്ടക്കലിപ്പിലാണ്. എന്തിന് രാഹുലിനെ ചൊല്ലി മുന്‍ താരങ്ങളായ വെങ്കടേഷ് പ്രസാദും ആകാശ് ചോപ്രയും ട്വിറ്ററില്‍ കൊമ്പുകോര്‍ക്കുക വരെ ചെയ്തു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്
മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമൊക്കെയായിരുന്ന സൗരവ് ഗാംഗുലി.

രാഹുലിനെ പിന്തുണച്ചാണ് ഗാംഗുലി രംഗത്തെത്തിയത്. റണ്‍സ് നേടിയില്ലെങ്കില്‍ വിമര്‍ശനം ഉറപ്പാണെന്നും ഇത് നേരിടുന്ന ആദ്യത്തെ താരമല്ല രാഹുലെന്നും ഗാംഗുലി പറഞ്ഞു. ഗാംഗുലിയുടെ വാക്കുകള്‍... ''റണ്‍സ് നേടിയില്ലെങ്കില്‍ വിമര്‍ശനങ്ങള്‍ ഉറപ്പായുമുണ്ടാകും. രാഹുലിനെ പോലൊരു താരത്തില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം എല്ലാവരും പ്രതീക്ഷിക്കുന്നു. മോശം പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന ആദ്യത്തെ താരമല്ല രാഹുല്‍. മുന്‍ കാലങ്ങളിലും നിരവധിപേര്‍ ഇത് നേരിട്ടുണ്ട്. ബാറ്റിംഗ് സ്‌കില്ലിന്റെ കാര്യത്തിലും മാനസീകമായും രാഹുല്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇത് മറികടക്കേണ്ടതുണ്ട്. എന്നാല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തണമോ എന്നതില്‍ അന്തിമ തീരുമാനം പരിശീലകന്റെയും ക്യാപ്റ്റന്റേതുമാണ്.'' ഗാംഗുലി പറഞ്ഞു. 

രാഹുലിന് പകരം ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറാക്കുന്ന കാര്യത്തിലും തന്റെ നിലപാട് ഗാംഗുലി വ്യക്തമാക്കി. ''ടീമില്‍ ഉറപ്പായും ഇടം ലഭിക്കേണ്ട താരമാണ് ഗില്‍. ഇപ്പോഴില്ലെങ്കലും ക്ഷമയോടെ കാത്തിരുന്നാല്‍ താരത്തിന് അവസരം കിട്ടും.'' ഗാംഗുലി പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ 4-0ന് ഇന്ത്യ തൂത്തുവാരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സ്വന്തം മണ്ണില്‍ ഇന്ത്യ ഏറ്റവും മികച്ചവരാണെന്നും ഗാംഗുലി വ്യക്തമാക്കി.

മോശം ഫോമിനെ തുടര്‍ന്ന് രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. വൈസ് ക്യാപ്റ്റന്റെ പേര് പറയാതെയാണ് ഓസീസിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ഫോമിലല്ലാത്ത ഓപ്പണര്‍ കെ എല്‍ രാഹുല്‍ ടീമില്‍ തുടരാന്‍ പോലും അര്‍ഹനല്ല എന്ന വിമര്‍ശനങ്ങള്‍ക്കിടെ താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും വൈസ് ക്യാപ്റ്റനായി തുടരാന്‍ അനുവദിച്ചില്ല.

സെഞ്ചുറിക്ക് പിന്നാലെ കെയ്ന്‍ വില്യംസണ് റെക്കോര്‍ഡ്! ഇനിയും ഏറെ വരാനുണ്ടെന്ന് മുന്‍ കിവീസ് താരം