161 ഇന്നിംഗ്‌സില്‍ 7787 റണ്‍സാണ് വില്യംസണിന്റെ സമ്പാദ്യം. മുന്‍താരം റോസ് ടെയ്‌ലറെയാണ് വില്യംസണ്‍ മറികടന്നത്. 196 ഇന്നിംഗ്‌സില്‍ നിന്നാണ് ടെയ്‌ലര്‍ നേടിയത്.

വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറിയോടെ റെക്കോര്‍ഡ് പട്ടികയില്‍ ഇടം നേടി മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ന്യൂസിലന്‍ഡിന്റെ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് വില്യംസണ്‍. 161 ഇന്നിംഗ്‌സില്‍ 7787 റണ്‍സാണ് വില്യംസണിന്റെ സമ്പാദ്യം. മുന്‍താരം റോസ് ടെയ്‌ലറെയാണ് വില്യംസണ്‍ മറികടന്നത്. 196 ഇന്നിംഗ്‌സില്‍ നിന്നാണ് ടെയ്‌ലര്‍ നേടിയത്.

ഇക്കാര്യത്തില്‍ മുന്‍ ന്യൂസിലന്‍ഡ് താരം സ്റ്റീഫന്‍ ഫ്‌ളെമിംഗ് മൂന്നാമനായി. 189 ഇന്നിംഗ്‌സില്‍ നിന്ന് അദ്ദേഹം 7172 റണ്‍സ് നേടിയിട്ടുണ്ട്. മുന്‍ വിക്കറ്റ് കീപ്പറും ഇപ്പോള്‍ ഇംഗ്ലണ്ട് ടീമന്റെ പരിശീലകനുമായ ബ്രണ്ടന്‍ മക്കല്ലം 176 ഇന്നിംഗ്‌സില്‍ 6453 റണ്‍സ് നേടിയിട്ടുണ്ട്. മാര്‍ട്ടിന്‍ ക്രോയാണ് ട്ടികയിലെ അഞ്ചാമന്‍. 131 ഇന്നിംഗ്‌സില്‍ 5444 റണ്‍സാണ് ക്രോ നേടിയത്. ഒന്നാമതെത്തിയതോടെ വില്യംസണെ പ്രകീര്‍ത്തിച്ച് ടെയ്‌ലറെ രംഗത്തെത്തി. കഠിനാധ്വാനത്തിന്റേയും സമര്‍പ്പണത്തിന്റേയും ഫലമാണ് ഈ നേട്ടമെന്ന് ടെയ്‌ലര്‍ ട്വീറ്റ് ചെയ്തു. ഇനിയും ഏറെ വരാനുണ്ടെന്നും ടെയ്‌ലര്‍ വ്യക്തമാക്കി. ട്വീറ്റ് വായിക്കാം...

Scroll to load tweet…

നിലവില്‍ ടെസ്റ്റ് കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയവരില്‍ നാലാമനാണ് വില്യംസണ്‍. ഒരു സെഞ്ചുറി കൂടി നേടിയാല്‍ വിരാട് കോലിക്കൊപ്പമെത്താന്‍ വില്യംസണ് സാധിക്കും. 30 സെഞ്ചുറി നേടിയ ഓസീസ് താരം സ്റ്റീവന്‍ സ്മിത്താണ് ഒന്നാമന്‍. 29 സെഞ്ചുറിയുമായി ഇംഗ്ലണ്ട് താരം ജോ റൂട്ട് രണ്ടാമതുണ്ട്. കിവീസിനെതിരായ രണ്ടാം ടെസ്റ്റില്‍ റൂട്ട് സെഞ്ചുറി നേടിയിരുന്നു.

അതേസമയം, ആവേശകരമായ അന്ത്യത്തിലേക്കാണ് ന്യൂസിലന്‍ഡ്- ഇംഗ്ലണ്ട് ടെസ്റ്റ് നീങ്ങുന്നത്. വെല്ലിംഗ്ടണ്‍, ബേസിന്‍ റിസേര്‍വില്‍ ഒരു ദിനവും ഒമ്പത് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 210 റണ്‍സ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നിന് 48 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ ഫോളോഓണ്‍ വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്‌സില്‍ 483 റണ്‍സാണ് നേടിയത്. വില്യംസണിന്റെ (132) സെഞ്ചുറിയാണ് കിവീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജാക്ക് ലീച്ച് അഞ്ച് വിക്കറ്റ് നേടി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ എട്ടിന് 435 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. കിവീസ് മറുപടി ബാറ്റിംഗില്‍ 209ന് പുറത്തായി.

അമ്മയ്ക്ക് അർബുദം, കമ്മിന്‍സിന് ഏകദിന പരമ്പരയും നഷ്‍ടമായേക്കും; പൂർണ പിന്തുണയുമായി ഓസീസ് സഹതാരങ്ങള്‍