ആര്‍ അശ്വിനെ കൊണ്ട് പവര്‍പ്ലേയില്‍ പന്തെറിയിപ്പിക്കരുതെന്നാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളിലൊന്ന്.
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയ ചെന്നൈ പിന്നീട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ് എന്നിവരോട് പരാജയപ്പെട്ടു. ഇപ്പോള്‍ ചെന്നൈക്ക് വിജയവഴിയില്‍ തിരിച്ചെത്താന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ കെ ശ്രീകാന്ത്.
ആര്‍ അശ്വിനെ കൊണ്ട് പവര്‍പ്ലേയില്‍ പന്തെറിയിപ്പിക്കരുതെന്നാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളിലൊന്ന്. ഏഴ് മുതല്‍ 18 വരെയുള്ള ഓവറുകളില്‍ അദ്ദേഹത്തെ കൊണ്ട് പന്തെറിയിപ്പിച്ചാല്‍ മതിയെന്നാണ് ശ്രീകാന്ത് പറയുന്നത്. ശ്രീകാന്തിന്റെ വാക്കുകള്‍... ''ജാമി ഓവര്‍ട്ടണിന് പകരം കോണ്‍വെ ടീമില്‍ വരണം. അന്‍ഷുല്‍ കാംബോജിനെയും ഇലവനില്‍ കൊണ്ടുവരണം. അശ്വിന് 7-18 ഓവറുകള്‍ക്കിടയില്‍ നന്നായി പന്തെറിയാന്‍ സാധിക്കും. രവീന്ദ്ര ജഡേജയ്ക്കും നൂര്‍ അഹമ്മദിനുമൊപ്പം പത്ത് ഓവറെങ്കിലും ചെയ്തു തീര്‍ക്കാന്‍ സാധിക്കും. രാഹുല്‍ ത്രിപാദിക്ക് പകരം കാംബോജ് കളിക്കണം.'' ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇത്രയും തന്നെ വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. ശിവം ദുബെയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നും ശ്രീകാന്ത് നിര്‍ദേശിച്ചു. ''ശിവം ദുബെയെ ഇലവനില്‍ ഉള്‍പ്പെടുത്തുകയും ആന്ദ്രെ സിദ്ധാര്‍ത്ഥിനെ ഇംപാക്ട് പ്ലെയറായി ഉള്‍പ്പെടുത്തുകയും ചെയ്യണം. മുകേഷ് ചൗധരിയും നല്ലൊരു ഓപ്ഷനാണ്. മുന്‍കാലങ്ങളില്‍ അദ്ദേഹം സിഎസ്‌കെയ്ക്ക് വേണ്ടി നന്നായി പന്തെറിഞ്ഞിട്ടുണ്ട്.'' ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
2027 ഏകദിന ലോകകപ്പ് കളിക്കുമോ? മറുപടിയുമായി വിരാട് കോലി
അഞ്ച് തവണ ചാംപ്യന്മാരായ ചെന്നൈ അടുത്ത മത്സരത്തില്‍ ശനിയാഴ്ച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ സ്പിന്‍ അനുകൂലമായ പ്രതലത്തില്‍ റണ്‍സ് വഴങ്ങിയിരുന്നു ചെന്നൈ. ഇതുവരെയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ച ഡല്‍ഹിക്ക് ഉയര്‍ന്ന നിലവാരമുള്ള സ്പിന്നര്‍മാരുണ്ട്. ചെന്നൈ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.

