ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിൽ മോശം പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
ദില്ലി: ന്യൂസിലന്‍ഡിനെതിരെയുള്ള ടി20 പരമ്പരയിലെ ബാക്കി മത്സരങ്ങളിലും സഞ്ജു സാംസണെ കളിപ്പിക്കണമെന്നും, അതിന് ശേഷം മാത്രമേ അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് ഒരു തീരുമാനത്തില്‍ എത്താവൂ എന്നും മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. നിലവിലെ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 16 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അതില്‍ അവസാന മത്സരത്തില്‍ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. ഇഷാന്‍ കിഷനെ സഞ്ജുവിന് പകരക്കാരനായി ഓപ്പണറായി കളിപ്പിക്കണമെന്ന വാദങ്ങള്‍ക്കിടയില്‍, സഞ്ജുവിനെ പിന്തുണയ്ക്കണമെന്നാണ് കൈഫിന്റെ പക്ഷം.
അദ്ദേഹത്തിന് കുറച്ച് അവസരങ്ങള്‍ കൂടി നല്‍കണമെന്നും കൈഫ് പറഞ്ഞു. ആരാധകരുടേയും മാധ്യമങ്ങളുടേയും പിന്തുണ പ്രധാനമാണെന്നും കൈഫ്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയതോടെ സഞ്ജുവിനെ മാറ്റി ഇഷാന് അവസരം നല്‍കണമെന്ന് ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഒരു അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് സഞ്ജുവിന് കുറഞ്ഞത് രണ്ട് മത്സരങ്ങള്‍ കൂടി നല്‍കണമെന്നാണ് എനിക്ക് തോന്നുന്നത്. അതിന് ശേഷം നിങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാം. സഞ്ജു വളരെ മികച്ചൊരു കളിക്കാരനാണ്, ഈ ഘട്ടത്തില്‍ അദ്ദേഹത്തിന് പിന്തുണ ആവശ്യമാണ്. എല്ലാ കളിക്കാരും എപ്പോഴും സ്‌കോര്‍ ചെയ്യണമെന്നില്ല,' കൈഫ് തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ വ്യക്തമാക്കി.
സഞ്ജുവിന് അര്‍ഹമായ അവസരങ്ങള്‍ ലഭിക്കണമെന്നും, ഇന്ത്യ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുന്നത് സഞ്ജുവിന് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിരമായി അവസരങ്ങള്‍ ലഭിക്കാത്തത് ഒരു ബാറ്ററെ സമ്മര്‍ദ്ദത്തിലാക്കുമെന്നും, തുടര്‍ച്ചയായി അഞ്ച് ഇന്നിംഗ്‌സുകളെങ്കിലും സഞ്ജുവിന് നല്‍കണമെന്നും കൈഫ് അഭിപ്രായപ്പെട്ടു.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ നിലവില്‍ 3-0ത്തിന് മുന്നിലാണ്. പരമ്പരയിലെ നാല്, അഞ്ച് മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിക്കുകയാണെങ്കില്‍ മികച്ച സ്‌കോറുകള്‍ കണ്ടെത്തുക എന്നത് അദ്ദേഹത്തിന് വലിയ വെല്ലുവിളിയായിരിക്കും.

