സിംബാബ്‌വെ പര്യടനത്തില്‍ അവസാന ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു സഞ്ജു. രണ്ട് തവണ മാത്രമാണ് താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്.
ദില്ലി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സഞ്ജു സാംസണ്‍. എന്നാല്‍ ഒരു മത്സരത്തിലും പോലും താരം കളിച്ചിരുന്നില്ല. എങ്കിലും അവസരം ലഭിക്കാതെ പോയ താരങ്ങള്‍ പങ്ക് നിര്‍ണായകമായിരുന്നുവെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വെ പര്യടനത്തില്‍ അവസാന ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു സഞ്ജു. രണ്ട് തവണ മാത്രമാണ് താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. സഞ്ജു സ്ഥിരമായി ഇന്ത്യന്‍ ടീമിനൊപ്പം തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതോടൊപ്പം 2026 ടി20 ലോകകപ്പിനും സഞ്ജു കാണുമോ എന്ന് ചോദിക്കുന്നവരുണ്ട്.
അതിനെല്ലാമുള്ള മറുപടി പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. 2026 ടി20 ലോകകപ്പിന് സഞ്ജു ഉണ്ടാവില്ലെന്നാണ് മിശ്ര പറയുന്നത്. ''എനിക്ക് അങ്ങനെ തോന്നുന്നില്ല. അദ്ദേഹത്തിന് ഇപ്പോള്‍ പ്രായമുണ്ട്. ടീമില്‍ യുവാക്കളുടെ വലിയൊരു ഒഴുക്കുണ്ട്. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന ഈ ആശയം വിരാട് കോലിയാണ് അവതരിപ്പിച്ചത്. ടി20യില്‍ യുവ കളിക്കാര്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തുന്നു. ഇന്ത്യയ്ക്ക് അവരെ കൂടുതല്‍ ആവശ്യമുണ്ട്.'' മിശ്ര ശുഭങ്കര്‍ ഗുപ്തയുടെ യൂട്യൂബ് ഷോയായ 'അണ്‍പ്ലഗ്ഡ്' എന്ന പരിപാടിയില്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ നിരവധി താരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുകയാണെന്നും മിശ്ര പറഞ്ഞു. ''സഞ്ജു കളിക്കണമെങ്കില്‍ അസാമാന്യ പ്രകടനം നടത്തേണ്ടി വരും. ഇപ്പോള്‍ ടീമിലുണ്ടെങ്കില്‍ രണ്ട് വര്‍ഷം കഴിഞ്ഞ് അടുത്ത ലോകകപ്പ് വരെ ടീമില്‍ തുടരണം. അപ്പോള്‍ പരിഗണിക്കാം. ഇഷാന്‍ കിഷന്‍ എന്ന അദ്ഭുതകരമായ പ്രതിഭയ്‌ക്കൊപ്പം ധ്രുവ് ജുറെല്‍, ജിതേഷ് ശര്‍മ തുടങ്ങിയവര്‍ വാതിലില്‍ മുട്ടികൊണ്ടിരിക്കുന്ന സമയമാണിത്.'' മിശ്ര പറഞ്ഞു.
കുട്ടിക്രിക്കറ്റില്‍ പരിചയസമ്പത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മിശ്ര സംസാരിച്ചു. ''ടി20 ഫോര്‍മാറ്റ് യുവതാരങ്ങളുടെ ഗെയിമാണെന്ന് എല്ലാവര്‍ക്കും സ്ഥിരമായ ചിന്താഗതിയുണ്ട്. എന്നാല്‍ ആരാണ് നിങ്ങളെ ജയിപ്പിക്കുന്നത്? ഇത് സീനിയേഴ്‌സാണ്. 2007 ടി20 ലോകകപ്പില്‍ വിരേന്ദ്രര്‍ സേവാഗ്, യുവരാജ് സിംഗ്, എം എസ് ധോണി, ഹര്‍ഭജന്‍ എന്നിവര്‍ ചുമതല ഏറ്റെടുത്തു. 2024ലേക്കെത്തിയപ്പോള്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രിത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ എന്നീ സീനിയേഴ്‌സും വിജയത്തിലേക്ക് നയിച്ചു. ടി20 ഫോര്‍മാറ്റില്‍ പരിചയസമ്പന്നരുള്ള സീനിയര്‍ താരങ്ങളും ഉള്‍പ്പെടണം.'' അദ്ദേഹം പറഞ്ഞു.
സിംബാബ്വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു സഞ്ജു. ഇനി നടക്കാനുള്ള ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലും സഞ്ജു ഇടം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

