ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് വേണ്ടി രോഹിത് - യശസ്വി ജയ്‌സ്വാള്‍ സഖ്യം ഓപ്പണ്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

മുംബൈ: ഏകദിനത്തിലെ പുതിയ വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ പ്രഖ്യാപിക്കാന്‍ ടീം മാനേജ്മെന്റിനും ചാംപ്യന്‍സ് ട്രോഫി അവസാനം വരെ കാത്തിരിക്കാമായിരുന്നുവെന്ന് ഹര്‍ഭജന്‍ സിംഗ്. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീം പ്രഖ്യാപിച്ചപ്പോഴാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത്. ഭാവിയില്‍ ഇന്ത്യയെ നയിക്കുക ഗില്‍ ആയിരിക്കുമെന്നുള്ള സൂചനയാണ് ബിസിസിഐ നല്‍കുന്നത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് വേണ്ടി രോഹിത് - യശസ്വി ജയ്‌സ്വാള്‍ സഖ്യം ഓപ്പണ്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ഹര്‍ഭജന്റെ വാക്കുകള്‍... ''ജയ്സ്വാള്‍ ടീമില്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. അവന്‍ ഓസ്ട്രേലിയയില്‍ കളിച്ച രീതി അത്രയും മനോഹരമായിരുന്നു. അവന്‍ ഇലവനില്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്നത്. പ്ലേയിംഗ് ഇലവന്‍ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. വൈസ് ക്യാപ്റ്റനായ ഗില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമായിരിക്കും. എന്നാല്‍ ജയ്‌സ്വാള്‍ ഓപ്പണ്‍ ചെയ്യില്ലെന്ന് പറയാനാവില്ല. കാരണം, ഒരു താരം ഫോമിലാണെങ്കില്‍ എന്തായാലും കളിപ്പിക്കണം. ഗില്‍ മൂന്നാമും കോലി നാലാം സ്ഥാനത്തും. അപ്പോള്‍ ശ്രേയസ് എവിടെ കളിക്കും.? ടീം സെലക്ഷന്‍ തലവേദനയാകും.'' ഹര്‍ഭജന്‍ പറഞ്ഞു. 

'തലമുറയിലെ പ്രതിഭയാണ് പന്ത്, സഞ്ജുവിനെ തഴഞ്ഞതില്‍ തെറ്റില്ല'; വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍

രോഹിത് - ജയ്‌സ്വാള്‍ സഖ്യം ഓപ്പണ്‍ ചെയ്യുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും ഹര്‍ഭജന്‍. ''ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയില്ലായിരുന്നെങ്കില്‍ ജയ്‌സ്വാളിന് കളിക്കാമായിരുന്നു. ജയ്്‌സ്വാളും രോഹിതും ഓപ്പണ്‍ ചെയ്യുമായിരുന്നു. കോലി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും. ശ്രേയസ് അയ്യര്‍ നാലാം നമ്പറിലും. ബാക്കിയുള്ളവര്‍ പിന്നാലെ വരും. ഇപ്പോള്‍ ഗില്‍ ഒരു വൈസ് ക്യാപ്റ്റനാണ്, അദ്ദേഹത്തെ പുറത്താക്കാനാവില്ല. ഭാവി മുന്നില്‍ കണ്ടാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയിരിക്കുന്നത്. അടുത്ത ആറ്-എട്ട് മാസത്തിനുള്ളില്‍ അദ്ദേഹം ക്യാപ്റ്റനാവും. എന്നാല്‍ ചാംപ്യന്‍സ് ട്രോഫി അവസാനിക്കുന്നത് വരെ അവര്‍ക്ക് കാത്തിരിക്കാമായിരുന്നു. ഗില്ലിന്റെ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്, പക്ഷേ യശസ്വി ജയ്സ്വാള്‍ കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' ഹര്‍ഭജന്‍ കൂട്ടിചേര്‍ത്തു.

അതേസമയം, ഗില്ലിനെ ക്യാപ്റ്റനാക്കിയത് നല്ല തീരുമാനമെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന വ്യക്തമാക്കി. അടുത്തത് ആര് നയിക്കണമെന്നുള്ള കാര്യത്തില്‍ രോഹിത്തിന് കൃത്യമായ വീക്ഷണമുണ്ടെന്നാണ് റെയ്ന പറയുന്നത്. റെയ്നയുടെ വാക്കുകള്‍... ''ഇന്ത്യയിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ശുഭ്മാന്‍ ഗില്ലാണെന്ന് ഞാന്‍ കരുതുന്നു. ഏകദിനത്തില്‍ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ വൈസ് ക്യാപ്റ്റന്‍ ആക്കുന്നത് നല്ല ലക്ഷണമാണ്. ഒരു യുവതാരത്തിന് നിങ്ങള്‍ അത്തരമൊരു നല്ല അവസരം നല്‍കുമ്പോള്‍, അത് അവന്റെ കഴിവുകളെ കുറിച്ച് വ്യക്തമാക്കുന്ന.ു അടുത്ത ക്യാപ്റ്റന്‍ ആരാണെന്ന് രോഹിത് ശര്‍മ്മയ്ക്ക് വ്യക്തമായി അറിയാം.'' റെയ്ന വ്യക്തമാക്കി.