ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ മോശം ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ താരം ആകാശ് ചോപ്ര. ടോസിനിറങ്ങുക മാത്രമല്ല, റൺസ് നേടുക എന്നതും ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. 

ദില്ലി: ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോമില്‍ ആശങ്കപ്പെട്ട് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 2024 ലെ ടി20 ലോകകപ്പിന് ശേഷം സൂര്യകുമാര്‍ 26 ഇന്നിംഗ്സുകളില്‍ നിന്ന് 18.73 ശരാശരിയിലും 146.10 സ്‌ട്രൈക്ക് റേറ്റിലും 431 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കഴിഞ്ഞ രണ്ട് ടി20 മത്സരങ്ങളിലും സൂര്യകുമാറിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ചോപ്ര അദ്ദേഹത്തിനെതിരെ രംഗത്ത് വന്നത്.

ഒരു ക്യാപ്റ്റന്റെ ജോലി ടോസിന് വേണ്ടി ഇറങ്ങുക മാത്രമല്ലെന്ന് ചോപ്ര പറഞ്ഞു. അദ്ദേഹത്തിന്റെ വിമര്‍ശനം ഇങ്ങനെ... ''നിങ്ങള്‍ ടീമിന്റെ ക്യാപ്റ്റനാണ്, എന്നാല്‍ ക്യാപ്റ്റന്റെ ജോലി ടോസിന് ഇറങ്ങുകയും ബൗളര്‍മാരെ കൈകാര്യം ചെയ്യുകയും മാത്രമല്ല. തന്ത്രം മെനയുക എന്നത് മാത്രമല്ല കാര്യം. ആദ്യ നാല് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ റണ്‍സ് നേടുകയെന്ന കര്‍മം കൂടിയുണ്ട്. കഴിഞ്ഞ 17 ഇന്നിംഗ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് ശരാശരി 14 റണ്‍സ് മാത്രമാണ്. സ്‌ട്രൈക്ക് റേറ്റും അത്ര മികച്ചതല്ല. ഒരു ഫിഫ്റ്റി പോലും ഇല്ല. ഇതൊരു വലിയ പ്രശ്‌നമാണ്.'' ചോപ്ര പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''മൂന്നാം നമ്പറിലോ നാലാം നമ്പറിലോ കളിക്കുകയും റണ്‍സ് നേടാതിരിക്കുകയും ചെയ്താല്‍, ലോകകപ്പ് ആരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്ര ആത്മവിശ്വാസം ഉണ്ടാകില്ല. അതിനാല്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും റണ്‍സ് നേടേണ്ടത് അത്യാവശ്യമാണ്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025ല്‍ ടി20 ഐ ടീമിലേക്ക് തിരിച്ചെത്തിയതിനുശേഷം, ശുഭ്മാന്‍ ഗില്‍ 14 ഇന്നിംഗ്സുകളില്‍ നിന്ന് 23.90 ശരാശരിയിലും 142.93 സ്‌ട്രൈക്ക് റേറ്റിലും 263 റണ്‍സാണ് നേടിയത്. ഒരു അര്‍ദ്ധ സെഞ്ച്വറി പോലും നേടിയിട്ടില്ല.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് 51 റണ്‍സിന്റെ തോല്‍വിയാണ് മോശം ഫോം നേരിടേണ്ടി വന്നത്. ഡിസംബര്‍ 14 ന് ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം ടി20യില്‍ മികച്ച തിരിച്ചുവരവാണ് ടീം ലക്ഷ്യമിടുന്നത്. ടി20 ലോകകപ്പിന് മുമ്പ് എട്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ താരങ്ങളുടെ ഫോം ഇന്ത്യക്ക് തലവേദനയാണ്.

YouTube video player