ആര്‍സിബി ജേഴ്‌സിയില്‍ ഫിനിഷറുടെ റോളില്‍ തിളങ്ങുന്ന കാര്‍ത്തിക് ഇതുവരെ 12 മത്സരങ്ങളില്‍ 274 റണ്‍സെടുത്തിട്ടുണ്ട്. സീസണില്‍ ആര്‍സിബിക്കായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്തു താരങ്ങളില്‍ രണ്ടാമനാണ് കാര്‍ത്തിക്. 

മുംബൈ: ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിനായി (Dinesh Karthik) വാദിച്ച് ഇതിഹാസ ക്രിക്കറ്ററും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar). ഐപില്ലിന് ശേഷം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ നടക്കുന്ന പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തമെന്നാണ് അദ്ദേഹം പറയുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ചും ഇംഗ്ലണ്ടിനെതിരെ മൂന്നും ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

ഒക്‌ടോബറില്‍ നടക്കുന്ന ലോകകപ്പിന് മുമ്പ് തന്നെ അദ്ദേഹം ടീമിലെത്തുമെന്നാണ് വിശ്വാസമെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. ''ഐപിഎല്ലില്‍ ഇപ്പോള്‍ കാര്‍ത്തിക് കളിക്കുന്ന കളി മാത്രം മതി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍. ലോകകപ്പ് ടീമില്‍ അദ്ദേഹമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. അതിന് മുമ്പ് തന്നെ അദ്ദേഹം ഇന്ത്യന്‍ ടീമിലെത്തും. 

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ നടക്കുന്ന പരമ്പരയില്‍ അദ്ദേഹം ഉണ്ടായിരിക്കണം. ആറ്, ഏഴ് നമ്പറുകളില്‍ അദ്ദേഹത്തെ കളിപ്പിക്കാം. ആര്‍സിബി വിജയകരമായി അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.'' ഗവാസ്‌കര്‍ പറഞ്ഞു. 

''കഴിഞ്ഞ വര്‍ഷം ഞാന്‍ കാര്‍ത്തികിനൊപ്പം ഒരുപാട് സമയം ചെലവിട്ടു. അന്നേ ഞാന്‍ മനസിലാക്കിയിരുന്നു, അദ്ദേഹം തിരിച്ചെത്താന്‍ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ വസാനിച്ച ലോകകപ്പില്‍ തന്നെ അതിനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഫലവത്തായില്ല. എന്നാലിപ്പോള്‍ അതിനുള്ള അവസരമാണ്.'' ഗവാസ്‌കര്‍ പറഞ്ഞു. 

ആര്‍സിബി ജേഴ്‌സിയില്‍ ഫിനിഷറുടെ റോളില്‍ തിളങ്ങുന്ന കാര്‍ത്തിക് ഇതുവരെ 12 മത്സരങ്ങളില്‍ 274 റണ്‍സെടുത്തിട്ടുണ്ട്. സീസണില്‍ ആര്‍സിബിക്കായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്തു താരങ്ങളില്‍ രണ്ടാമനാണ് കാര്‍ത്തിക്.